Latest NewsNewsIndia

ദേശീയ പൗരത്വ ഭേദഗതി: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ സി.പി.ഐ (എം): ഉമ്മന്‍ചാണ്ടിയ്ക്ക് പ്രശംസ

തിരുവനന്തപുരം•ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിവിശാലമായ യോജിപ്പോടെയുള്ള ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരളീയ സമൂഹത്തോട്‌ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച്‌ കലാപ അന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണാനും കഴിയേണ്ടതുണ്ട്‌. മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നതും വിശാലമായ ഐക്യത്തെ ദുര്‍ബലപ്പെടുത്താനും സംഘപരിവാരത്തിന്റെ ഉദ്ദേശം നടപ്പിലാക്കാനും മാത്രമേ ഉതകൂ. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാവുകയാണ്‌ വേണ്ടതെന്ന യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഈ കാഴ്‌ച്ചപ്പാടോടെയാണ്‌ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ്‌ നേതാക്കളും പങ്കെടുത്ത്‌ ഡിസംബര്‍ 16 ന്‌ മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്‌. കേരളീയ സമൂഹത്തിന്‌ മാത്രമല്ല ഇന്ത്യന്‍ ജനതയ്‌ക്കും ഇത്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കിയത്‌. ഇതിന്‌ സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുസ്ലീംലീഗ്‌ നേതൃത്വത്തിന്റേയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്‌. മറ്റ്‌ പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര ചുമതല നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും കൈകോര്‍ക്കുകയാണ്‌ വേണ്ടത്‌. മാറിയ രാഷ്‌ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ്‌ നിലപാട്‌ സ്വീകരിക്കേണ്ടി വരുമെന്ന .ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്‌.

എന്നാല്‍, ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സി.പി.ഐ (എം) വിരുദ്ധ നിലപാട്‌ മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്‌ ഖേദകരമാണ്‌. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍.എസ്‌.എസ്സുമായി യോജിച്ച്‌ കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‌ ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന്‌ സി.പി.ഐ (എം) മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‌ പറയുന്നത്‌ എത്രമാത്രം സങ്കുചിതമാണ്‌. ഇന്നത്തെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളില്‍ എല്ലാവരും ഇനിയും ഒരുമിച്ച്‌ നില്‍ക്കണമെന്നു തന്നെയാണ്‌ സി.പി.ഐ (എം) ന്റെ നിലപാട്‌. അതാണ്‌ ഈ നാട്‌ ആഗ്രഹിക്കുന്നതും.
ഡിസംബര്‍ 16 ന്റെ തുടര്‍ച്ചയായാണ്‌ ജനുവരി 26 ന്റെ മനുഷ്യചങ്ങലയെ കാണുന്നത്‌. എല്‍.ഡി.എഫ്‌ മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും ഈ പ്രശ്‌നത്തില്‍ യോജിക്കാവുന്ന എല്ലാവര്‍ക്കും ചങ്ങലയില്‍ പങ്കെടുക്കാന്‍ കഴിയണം. ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ളതാണ്‌ പൗരത്വഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖല.

ഇത്‌ വിജയിപ്പിക്കുന്നതിനായി പ്രചരണ, സംഘാടന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി എല്ലാ ഘടകങ്ങളോടും അഭ്യര്‍ത്ഥിച്ചു. എല്‍.ഡി.എഫ്‌ നേതൃത്വത്തിലുള്ള ജില്ലാ ജാഥകള്‍ വന്‍ പ്രചരണ രൂപമാക്കി മാറ്റണം. പാര്‍ടി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും കുടുംബയോഗങ്ങളും സംഘടിപ്പിച്ച്‌ മുഴുവന്‍ ആളുകളിലേയ്‌ക്കും സന്ദേശം എത്തിക്കണം.

ആധാര്‍ നടപ്പിലാക്കിയതോടെ ഇരട്ടിപ്പാണെന്ന്‌ പറഞ്ഞ്‌ ഒഴിവാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ ശരിയായ ദിശയിലുള്ളതാണ്‌. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തയ്യാറെടുപ്പായാണ്‌ ഇപ്പോള്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നത്‌. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിന്‌ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്‌ എല്‍.ഡി.എഫ്‌ ഭരണസമിതികള്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കും. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സംഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ.വിജയരാഘവന്‍ അധ്യക്ഷനായിരുന്നു. പി.ബി.അംഗം എസ്‌.രാമചന്ദ്രന്‍പിള്ള കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പി.ബി.അംഗങ്ങളായ പിണറായി വിജയന്‍, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button