Latest NewsNewsIndia

ഇന്ത്യയിൽ ഇനി റോബോട്ടിക് ശസ്ത്രക്രിയകളുടെ നാളുകൾ; ഹൃദ്രോഗ രംഗത്തും റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു

ബംഗളൂരു: ഇന്ത്യയിൽ ഇനി റോബോട്ടിക് ശസ്ത്രക്രിയകളുടെ നാളുകൾ. പ്രതിമാസം 500 ലധികം റോബോട്ടിക് ശസ്ത്രക്രിയകൾ ഇന്ത്യയിൽ നടക്കുന്നുവെന്നാണ് കണക്ക്. പക്ഷേ ഹൃദ്രോഗരംഗത്ത് ഇതിന്റെ സാധ്യതകൾ കൂടുതലായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. ഹൃദ്രോഗ രംഗത്തും റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ബംഗളൂരു ബന്നാർഗട്ടയിലുളള അപ്പോളോ ആശുപത്രി.

ഒട്ടുമിക്ക മേഖലകളിലും ഇന്ന് റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശസ്ത്രക്രിയാരംഗത്തുൾപ്പെടെ വൈദ്യശാസ്ത്രമേഖലയിലും ഇവയുടെ ഉപയോഗം ഇന്ന് വ്യാപകമാണ്. അഞ്ചുമാസത്തിനിടെ ഇവിടെ നടന്നത് റോബോട്ടുകളെ ഉപയോഗിച്ചുകൊണ്ടുളള 27 ഹൃദയ ശസ്ത്രക്രിയകളാണ്. ഹൃദയവാൽവുകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകളും ഹൃദയ അറകളുടെ ദ്വാരം അടക്കുന്ന ശസ്ത്രക്രിയകളും ഇതിൽ ഉൾപ്പെടും. ഇന്ത്യയിലാദ്യമായാണ് റോബോട്ടിക് ഹൃദയശസ്ത്രക്രിയ സ്ഥിരാടിസ്ഥാനത്തിൽ നടത്തുന്നതെന്ന് ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയ ഡോ. സാത്യകി നമ്പാല വ്യക്തമാക്കി.

റോബോട്ടിക് ശസ്ത്രക്രിയ സ്ഥിരാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഴ്‌ച്ച യിൽ നാലു റോബോട്ടിക് ശസ്ത്രക്രിയകൾ വരെ നടത്താറുണ്ടെന്നും ഡോ.സാത്യകി പറഞ്ഞു. ഹൃദ്രോഗ ചികിത്സയിൽ അപ്പോളോ ആശുപത്രിയിൽ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ നടന്നത് 2019 ആഗസ്തിലാണ്. 32 കാരനായ യുവാവിനു ഹൃദയവാൽവ് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം മൂന്നാമത്തെ ദിവസം യുവാവിന് ആശുപത്രിവിടാൻ കഴിഞ്ഞു.

രാജ്യത്തെ ചുരുക്കം ചില ആശുപത്രികൾ മാത്രമാണ് ഹൃദയ ശസ്ത്രക്രിയാ രംഗത്ത് റോബോട്ടുകളെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായത്തോടെയായിരുന്നു ഇതിൽ മിക്കവയും. ഈ ശസ്ത്രക്രിയകളിലധികവും പരാജയപ്പെടുകയോ അവയ്ക്ക് തുടർച്ചയുണ്ടാവുകയോ ചെയ്തില്ല. ഡോക്ടർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button