തിരുവനനന്തപുരം: കലാപരമായ കഴിവുകള്‍ വളര്‍ത്തിയാല്‍ ഭിന്നശേഷിക്കുട്ടികളുടെ മാനസിക ബൗദ്ധിക നിലകളില്‍ മാറ്റം സംഭവിക്കുമെന്ന് അനുയാത്ര ഡിഫറന്റ് ആര്‍ട് സെന്ററിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ആരംഭിച്ച ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നിരവധി ഭിന്നശേഷിക്കുട്ടികള്‍ സെന്ററിലുള്ളതിനാല്‍ ഒരു ആതുരശുശ്രൂഷാ കേന്ദ്രം അനിവാര്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുവാന്‍ ആരോഗ്യവകുപ്പ് ആരോഗ്യ കേന്ദ്രം സ്ഥാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരസഭ മേയര്‍ കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.ജോസ്.ജി.ഡിക്രൂസ്, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ.പി.വി അരുണ്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ സ്വാഗതവും മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല നന്ദിയും പറഞ്ഞു.ചടങ്ങിനോടനുബന്ധിച്ച് അമ്മയുടെയും കുഞ്ഞിന്റെയും സ്‌നേഹവാത്സല്യങ്ങള്‍ നിഴല്‍ രൂപത്തില്‍ അവതരിപ്പിച്ച് കര്‍ണാടകയില്‍ നിന്നെത്തിയ പ്രഹ്ലാദ് ആചാര്യ കാണികളുടെയും അതിഥികളുടെയും പ്രത്യേക പ്രശംസയ്ക്ക് പാത്രമായി.
കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കുട്ടികളുടെ ആരോഗ്യ പരിപാലത്തിന്റെ ഭാഗമായി എംപവര്‍ ക്ലിനിക് എന്ന പേരില്‍ സാമുഹ്യ നീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ അനുയാത്ര പദ്ധതിയുടെ സഹകരണത്തോടെ കേന്ദ്രം ആരംഭിച്ചത്. 100 ഭിന്നശേഷിക്കുട്ടികളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലാവതരണം നടത്തുന്നത്. ഇവരുടെയും മാജിക് പ്ലാനറ്റില്‍ സന്ദര്‍ശനത്തിനെത്തുന്ന സമാന വിഭാഗത്തിലുളളവരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ ക്ലിനിക്കില്‍ പരിഹാരം കാണാവുന്നതാണ്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. ഡിഫറന്റ് ആര്‍ട് സെന്ററിലെ 7 വേദികളിലായി വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് കലാവതരണം നടത്തുന്നത്. കാണികളുടെ കണ്ണും മനസ്സും നിറയ്ക്കുന്ന അത്ഭുത പ്രകടനങ്ങളാണ് സെന്ററില്‍ നടക്കുന്നത്. കാണികളുടെ നിലയ്ക്കാത്ത കരഘോഷവും പ്രോത്സാഹനവും കുട്ടികളില്‍ വലിയൊരു മാറ്റമാണുണ്ടാക്കിയിരിക്കുന്നത്.
Post Your Comments