കൊച്ചി: നടന് ഷെയ്ന് നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. കൊച്ചിയിൽ ചേര്‍ന്ന നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനമായത്. ഷെയ്ന് കാരണം മുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ വിലക്ക് നീക്കേണ്ടെന്നാണ് യോഗത്തില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബിംഗ് 15 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന് കത്ത് നല്കാൻ യോഗത്തിൽ തീരുമാനമായി. നിര്‍മാതാക്കളുടെ യോഗത്തിലെ തീരുമാനങ്ങള്‍ താരസംഘടനയായ അമ്മയെ അറിയിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് മുടങ്ങിയ കുര്‍ബാനി, വെയില് എന്നീ ചിത്രങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മതി വിലക്ക് നീക്കുന്നത് ആലോചിക്കുന്നത് എന്ന നിലപാടാണ് നിര്‍മാതാക്കള്‍ യോഗത്തിൽ എടുത്തത്. ഷെയ്നിന്റെ വാക്ക് വിശ്വസിച്ച് ഇനി ഒത്തുതീര്‍പ്പിനില്ലെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം. താരസംഘടനയായ അമ്മ ഉറപ്പു നല്‍കിയാലെ മുടങ്ങിപ്പോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങൂ എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകിടപ്പിച്ച് ഷെയിൻ നിഗം രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതൊന്നും വിലക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രേരിപ്പിച്ചില്ല. ഇനി അമ്മയുടെ യോഗത്തിലായിരിക്കും നിർണായകമായ തീരുമാനം ഉണ്ടാവുക. എന്നാൽ നിർമാതാക്കളെ പിണക്കി കൊണ്ട് ഷെയിന്‍ പൂർണമായും അനകൂലമായ ഒരു തീരുമാനം അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് ലഭിക്കുന്ന സൂചന.
Post Your Comments