തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 23ന് തന്നെ തുടങ്ങും. രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനുമാണ് ഒരുമിച്ച് വിതരണം ചെയ്യുക. 49,76,668 പേരാണ് പെൻഷന് അര്‍ഹത നേടിയിട്ടുള്ളത്. സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഇതിനാവശ്യമായ 1127.68 കോടി ധനവകുപ്പ് അനുവദിച്ചു. ഉത്തരവ് ബുധനാഴ്‌ചയിറങ്ങും. സഹകരണ സംഘങ്ങള്‍ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയുമായിരിക്കും പെന്‍ഷന്‍ നല്‍കുക. ക്ഷേമനിധി പെന്‍ഷന്‍ അതത് ബോര്‍ഡുകള്‍ വഴി നല്‍കും.
നിലവിലെ കണക്കു പ്രകാരം സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹരായവർ 41,29,321 പേരാണ്. 3,80,314 കര്‍ഷകത്തൊഴിലാളികള്‍, 21,13,205 വയോധികര്‍, 3,38,338 ഭിന്നശേഷിക്കാര്‍, 76,848 അമ്ബത് വയസ്സ് കഴിഞ്ഞ അവിവാഹിത വനിതകള്‍, 12,20,616 വിധവകള്‍ എന്നിവര്‍ക്കാണ് പെന്‍ഷന് അര്‍ഹത. മസ്‌റ്ററിങ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും. കിടപ്പുരോഗികളുടെ മസ്‌റ്ററിങ് പൂര്‍ത്തിയാക്കലിനായി കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ തീരുമാനം. മറ്റുള്ളവര്‍ക്കും മസ്‌റ്റിങ് പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് ജനുവരി രണ്ടാംവാരം പെന്‍ഷന്‍ ലഭ്യമാക്കും.
3.26 ലക്ഷം കിടപ്പുരോഗികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കി. വീട്ടിലെത്തി മസ്‌റ്ററിങ് നടത്തണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചിട്ടുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും. മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ 31 വരെ സമയം നീട്ടിയിട്ടുണ്ട്. ക്രിസ്‌തുമസിന് പെന്‍ഷന്‍ വിതരണം പൂര്‍ത്തീകരിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടാകുമെന്നതിനാല്‍ 22 വരെ മസ്‌റ്ററിങ് ഇല്ല. 23 മുതല്‍ എല്ലാ അക്ഷയകേന്ദ്രങ്ങളിലും നടത്താം.
Post Your Comments