Latest NewsKeralaNews

കേരളത്തിൽ ഇനി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരത്തിനില്ല. പൗരത്വ നിയമത്തിനെതിരെ എന്നല്ല ഇടതു പക്ഷവുമായി ചേർന്ന് ഇനി ഒരു സമരത്തിനുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്‍റേത് കപട നിലപാടുകളെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സി പി എം നാളിതുവരെ ഒളിച്ചോടുകയായിരുന്നെന്നും മുല്ലപ്പള്ളി വാർത്താക്കുറുപ്പിൽ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ജനാധിപത്യ മതേതരചേരിയുണ്ടാക്കാന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചത് സി പി എം കേരളഘടകത്തിലെ നേതാക്കളാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പി ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് ദേശീയ അടിസ്ഥാനത്തിലുള്ള മതേതര ജനാധിപത്യ വേദി തകര്‍ത്തതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു

ആര്‍ എസ് എസിനോടും ബി ജെ പിയോടും മൃദുഹിന്ദുത്വ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുസ്ലീം തീവ്രവാദമാണ് കേരളത്തിലെ മുഖ്യപ്രശ്നമെന്ന രൂപത്തില്‍ വിശ്വസ്തരെ കൊണ്ട് മുഖ്യമന്ത്രി കോഴിക്കോട് പ്രസ്താവന നടത്തിയത് അതിന് ഒടുവിലത്തെ ഉദാഹരമാണ്. സി പി എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യവും ആത്മാര്‍ത്ഥതയില്ലാത്തതുമാണ്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ചുള്ള ഒരു പ്രഹസനം മാത്രമാണിത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബീഫ് മേളകള്‍ നടത്തിയപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ ഇവരുടെ കള്ളക്കളി തിരിച്ചറിഞ്ഞിട്ടുണ്ട്. യു എ പി എ  കരിനിയമമാണെന്ന് രാജ്യസഭയില്‍ ഘോരഘോരം പ്രസംഗിച്ച നേതാവാണ് സീതാറാം യെച്ചൂരി. ആ കരിനിയമം ഉപയോഗിച്ച് നിയമവിരുദ്ധമായി രണ്ട് മുസ്ലീം യുവാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്തിനാണ്. അവര്‍ ചെയ്ത കുറ്റം എന്താണെന്ന് സര്‍ക്കാരും സി പി എമ്മും ഇതുവരെ വിശദീകരിച്ചിട്ടില്ല. ന്യൂനപക്ഷത്തെ ഉപയോഗിച്ച് നടത്തുന്ന ഈ വോട്ടുബാങ്ക് രാഷ്ട്രീയം ഇനി കേരളത്തില്‍ വിലപ്പോകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിപക്ഷം സമരത്തിനിറങ്ങിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് സമര വേദിയിലും എത്തിയിരുന്നു. ഇത് കോൺഗ്രസ്സിലും യുഡിഎഫിലും കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്പിയും സമരത്തിൽ നിന്നും വിട്ടുനിന്നിരുന്നു. വളരെപ്പെട്ടെന്ന് തീരുമാനിച്ചതാണെന്നും, മുന്നണിയിലൊരു കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നുമായിരുന്നു വിഷയത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ വിശദീകരണം. കെപിസിസി അധ്യക്ഷൻ തന്നെ വീണ്ടും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയതോടെ സംയുക്ത സമരവുമായി ബന്ധപ്പെട്ട തര്‍ക്കം കോൺഗ്രസിലും യുഡിഎഫിലും കൂടുതല്‍ വഷളാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button