ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ അടിമപ്പെടുന്ന പ്രശ്‌നമാണ് സാങ്കേതിക വിദ്യയോടുള്ള ആസക്തി. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാജ്യത്ത് ചികിത്സയ്ക്കായി ഇപ്പോള്‍ ക്ലിനിക്കുകള്‍ പോലും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗം പരിശോധിക്കാനുള്ള മൂന്ന് ക്ലിനിക്കുകളാണ് അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഒരു ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. മാര്‍ച്ചില്‍ ലഖ്‌നൗവിലെ കിങ് ജോര്ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലും സമാനമായ ക്ലിനിക് തുടങ്ങി. ഈ ക്ലിനിക്കില്‍ ഇതിനകം തന്നെ നൂറ്റിയിരുപതിലധികം രോഗികള്‍ ചികിത്സയ്‌ക്കെത്തിയതായാണ് പുറത്തുവരുന്ന വാര്‍ത്ത.
സാങ്കേതിക വിദ്യകളോടുള്ള കുട്ടികളിലെ അമിതമായ ആസക്തി സ്വഭാവവൈകല്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും അവ പലപ്പോഴും മാതാപിതാക്കള്‍ തിരിച്ചറിയാറില്ലെന്നും ക്ലിനിക്കിന്റെ മേധാവിയായ പ്രൊഫ. ഡോ. പി.കെ. ദലാല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച പ്രവര്‍ത്തനമാരംഭിച്ച അലഹാബാദിലെ മോട്ടിലാല്‍ നെഹ്രു ഡിവിഷണല്‍ ഹോസ്പിറ്റലില്‍ ആദ്യദിനംതന്നെ 15 രോഗികളാണ് ചികിത്സയ്ക്കായി എത്തിയത്. രോഗികളില്‍ കൂടുതലും കുട്ടികളായിരുന്നു. ഇംപള്‍സ് കണ്‍ട്രോള്‍ ഡിസോഡര്‍ വിഭാഗത്തില്‍ പെടുന്നവയാണ് ഇത്തരം രോഗങ്ങള്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
മോഷ്ടിക്കാനുള്ള ആസക്തി, ചൂതുകളിക്കാനുള്ള ആസക്തി തുടങ്ങിയവ പോലൊരു രോഗമാണതെന്ന് ക്ലിനിക്കിന്റെ മേധാവിയായ ഡോ. രാകേഷ് പാസ്വാന്‍ വിശദീകരിച്ചു. മൊബൈല്‍ഫോണുകളോടുള്ള അമിതാസക്തി വര്‍ധിക്കുന്നതോടെ കുട്ടികള്‍ സൗഹൃദങ്ങള്‍ക്കോ കളികള്‍ക്കോ സമയം കണ്ടെത്തുന്നില്ല. കുടുംബാംഗങ്ങളോടൊപ്പമുള്ള സമ്പര്‍ക്കം കൂടി കുറയുന്നതോടെ കുട്ടികള്‍ സാങ്കേതിക വിദ്യയുടെ ലോകത്ത് ജീവിക്കുന്നത് പതിവാകുകയാണ്. മാതാപിതാക്കള്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും കുട്ടികളെ ഡിജിറ്റല്‍ ലോകത്തുനിന്ന് പൂര്‍ണ്ണമായും ഒഴിച്ചുനിര്‍ത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Post Your Comments