Latest NewsIndia

പൊതുസമൂഹത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പത്ത് ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നൽകി അമിത് ഷാ: ഇപ്പോൾ ഉള്ളത് പ്രതിപക്ഷം മുസ്ളീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ പ്രക്ഷോഭങ്ങൾ : എടുത്തു ചാടി പൊതുമുതൽ നശിപ്പിച്ചവർക്ക് കുരുക്ക്

കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയോട് പറയാനുള്ളത് ജവഹർലാൽ നെഹ്രുവും ലിയാക്കത്ത് അലിയും ഒപ്പുവച്ച ജവഹർ - ലിയാക്കത്ത് ഉടമ്പടി എന്ന് അറിയപ്പെടുന്ന കരാറിന്റെ ആദ്യത്തെ വ്യവസ്ഥ തന്നെ ഒന്ന് വായിച്ച് നോക്കണം എന്നാണ്. അതിൽ പറയുന്നത് രണ്ട് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്നുമാണ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങളെല്ലാം കളവാണ് എന്ന വാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തെളിവുകൾ നിരത്തി പറയുന്നത്. രാജ്യത്ത് പൊതുവായി ഉയരുന്ന 10 ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. പുതിയ പൗരത്വ നിയമ ഭേദഗതിയേപ്പറ്റി നിരവധി വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നതിനാലാണ് സര്‍ക്കാര്‍ വിശദമായ മറുപടി പുറത്തിറക്കി രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷായോട് ദേശീയ മാധ്യമങ്ങൾ ചോദിച്ച 10 ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയിരിക്കുന്ന ഉത്തരങ്ങളുടെ മലയാള പരിഭാഷയാണ് ഇത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് രാജ്യത്തെ വിവിധ പ്രക്ഷോഭങ്ങളും പൊതുമുതൽ നശീകരണവും നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമിത് ഷാ ടൈംസ് നൗ ചാനലിനു നൽകിയ അഭിമുഖം മലയാളത്തിൽ വിവർത്തനം ചെയ്യാനുള്ള ശ്രമം. (ഭാഗം-1)

ചോദ്യം: അമിത് ഷാ ജി നമസ്കാരം. ഇന്ത്യാ എക്ണോമിക് കോൺക്ലേവിൽ ഞങ്ങൾക്കൊപ്പം അല്പം സമയം ചെവഴിക്കുന്നതിൻ തീരുമാനിച്ച അങ്ങേയ്ക്ക് വളരെ അധികം നന്ദി. ഞങ്ങൾ മുംബൈയിൽ ഈ സമയത്ത് രണ്ട ദിവസത്തെ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്ന ഈ അവസരത്തിൽ അങ്ങയോട് ചില ചോദ്യങ്ങൾ തുറന്നു ചോദിക്കുകയാണ്. സാമ്പത്തിക രംഗത്തെ കുറച്ചുള്ള ചർച്ചകൾ ഇപ്പോൾ പിന്തള്ളപ്പെട്ടിരിക്കുന്നു. മറ്റു പല വിഷയങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. ആർട്ടിക്കിൾ 370, അയോദ്ധ്യ, പൗരത്വ ഭേദഗതി നിയമം ഇങ്ങനെ പല വിഷയങ്ങൾ. ഈ വിഷയത്തിലെ പ്രതിഷേധങ്ങൾ ജമ്മു കശ്മീരിൽ നിന്നും ആസാമിലേയ്ക്കും അവിടെ നിന്നും ഡൽഹിയിലേയ്ക്കും എത്തിയിരിക്കുന്നു. ആദ്യം ജാമിയ മിലിയ സർവ്വകലാശാലയിൽ ഇപ്പൊൾ സിലംപൂരിലും പ്രക്ഷോഭങ്ങൾ നടക്കുന്നു. ഈ പ്രക്ഷോഭങ്ങൾക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് പാർലമെന്റിൽ സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണ്. അവർ പറയുന്നത് ഈ നിയമം മുസ്ലീങ്ങളേയും ഹിന്ദുക്കളേയും തമ്മിൽ വേർതിരിക്കുന്നതാണെന്നാണ്. താങ്കൾ എന്തു പറയുന്നു.

അമിത്ഷാ : ഞാൻ അങ്ങനെ കരുതുന്നില്ല. ഈ പ്രതിഷേധങ്ങൾക്ക് രണ്ട് കാരണം ഉണ്ട്. ചില രാഷ്ട്രീയ പാർടികൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. അവർ ജങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നവരാണ്. രണ്ടാമത്തെ കാരണം ഇവർ പരത്തുന്ന തെറ്റിദ്ധാരണ ചിലരിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ഞാൻ താങ്കളോട് അത് വിശദമാക്കാം. പൗരത്വ ഭേദഗതി നിയമത്തിൽ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയാനുള്ള ഒന്നും പറയുന്നില്ല. അത് പൗരത്വം നൽകുന്നതിനുള്ള നിയമം ആണ്. പൗരത്വം ആർക്കാണ് നൽകുന്നത്? പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിൽ നിന്നും പീഡനങ്ങൾ സഹിക്കവയ്യാതെ ഭാരതത്തിൽ എത്തിയ അവിടത്തെ ആറ് ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് പൗരത്വം നൽകുന്നത്. അവർ അഭയം തേടി വന്നവരാണ്. അവരുടെ കൈവശം ഒരു രേഖയും ഇല്ല. വർഷങ്ങളായി നരകതുല്ല്യമായ ജീവിതം ആണ് അവർ ജീവിക്കുന്നത്. അവർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥകൾ ആണ് ഈ നിയമത്തിൽ ഉള്ളത്. ഇന്ന് കോൺഗ്രസ്സ് ഇതിനെ എതിർക്കുകയാണ്. എനിക്ക് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയോട് പറയാനുള്ളത് ജവഹർലാൽ നെഹ്രുവും ലിയാക്കത്ത് അലിയും ഒപ്പുവച്ച ജവഹർ – ലിയാക്കത്ത് ഉടമ്പടി എന്ന് അറിയപ്പെടുന്ന കരാറിന്റെ ആദ്യത്തെ വ്യവസ്ഥ തന്നെ ഒന്ന് വായിച്ച് നോക്കണം എന്നാണ്. അതിൽ പറയുന്നത് രണ്ട് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്നുമാണ്. അത് പാകിസ്താനിലും ബംഗ്ലാദേശിലും നടപ്പിലായില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഈ മൂന്ന് രാജ്യങ്ങളും ഇസ്ലാമിനെ അവരുടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷവിഭാഗങ്ങളിൽ പലർക്കും നേരെ അക്രമങ്ങൾ ഉണ്ടായി, മതപരിവർത്തനത്തിനു വിധേയരാക്കി, സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ ഉണ്ടായി. അത് സഹിക്കവയ്യാതെ പലരും ഇവിടെ എത്തിയിട്ടുണ്ട്. അവർക്ക് പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകൾ ആണ് പൗരത്വ ഭേദഗതി നിയമത്തിൽ ഉള്ളത്. ഇതിൽ ഭാരതത്തിൽ വസിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിനു ഭയപ്പെടേണ്ടതായി എന്താണുള്ളത്?

ചോദ്യം: ഈ പ്രക്ഷോഭണങ്ങൾ തുടങ്ങിയത് ചില സർവ്വകലാശാലകളിൽ നിന്നാണ്. ജാമിയ മിലിയ സർവ്വകലാശാല ഒരു ഉദാഹരണം ആണ്. ആസ്സാമിലും പ്രക്ഷോപങ്ങൾ ഉണ്ടായി. ഇന്ന് നാല്പത് സർവ്വകലാശാലകളിൽ ജാമിയ മിലിയയ്ക്ക് പിന്തുണയുമായി പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട്..

അമിത് ഷാ: നാല്പതില്ല. ഇരുപത്തി രണ്ടാണ്. രാജ്യത്ത് ആകെ 2500-ൽ അധികം സർവ്വകലാശാലകൾ ഉണ്ട്. സംസ്ഥാനങ്ങളിലെ സ്വതന്ത്ര സർവ്വകലാശാലകളുടെ കൂടി കണക്കെടുത്താൽ അതിലും അധികം സർവ്വകലാശാലകൾ ഉണ്ടാകും. അതിൽ ആകെ 22 സർവ്വകലാശാലകളിൽ ആണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാദ്ധ്യമവാർത്തകളെ തുടർന്ന് മറ്റുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരിൽ കല്ലെറിയാമോ? അരുടെയെങ്കിലും ഇരു ചക്രവാഹനത്തിൽ നിന്നും പെട്രോൾ എടുത്ത് ബസ്സിനു തീയിടാമോ? പൗരന്മാർക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുമോ? അങ്ങനെ ഒക്കെ ചെയ്താൻ പോലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാനനില എങ്ങനെ ആണ് നിയന്ത്രണത്തിൽ കൊണ്ടുവരിക? താങ്കൾ പറയൂ ഇവരെല്ലാവരും വിദ്യാർത്ഥികൾ ആണെങ്കിൽ ആരാണ് അകത്തുനിന്നും കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റേയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാൽ ഞാൻ ഇപ്പോഴും പറയുന്നു കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ആം ആദ്മി പാർട്ടികൾ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. നിങ്ങൾ ഒരു പത്രപ്രവർത്തകയല്ലേ? നിങ്ങൾ ആ നിയമം വായിച്ചതല്ലേ? നിങ്ങൾ പറയൂ ആ നിയമത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരായി എന്താണുള്ളത്?

ചോദ്യം: ന്യൂനപക്ഷങ്ങൾ സി എ എ (സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ആക്റ്റ്- പൗരത്വ ഭേദഗതി നിയമം)യിൽ ഇല്ലെങ്കിൽ ഇത് കേവലം ഒരു സൂചന മാത്രമാണ്. ഇതിന്റെ അടുത്ത ലക്ഷ്യം എൻ ആർ സി (നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് – ദേശീയ പൗരത്വ രജിസ്റ്റർ) ആണ്. ഇതു വച്ച് നിങ്ങൾ ഹിന്ദുക്കളെ ഈ രാജ്യത്തെ പൗരന്മാർ ആക്കും. പിന്നീട് എൻ ആർ സി കൊണ്ടുവരും. മുസ്ലീങ്ങളെ പുറത്താക്കും. ഈ ആശങ്കയാണ് അവർക്കുള്ളത്.

അമിത് ഷാ: ശരി ശരി. അതാണ് അപ്പോൾ ആശങ്ക. എൻ ആർ സി എന്നത് ആരാണ് കൊണ്ടുവന്നത്? ബി ജെ പി ആണോ അത് കൊണ്ടുവന്നത്? അല്ല. കോൺഗ്രസ്സ് പാർടിയാണ് അതിനു തുടക്കം കുറിച്ചത്. 1985-ൽ അസാം ഉടമ്പടിയിൽ ആസാമിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കും എന്ന് ഉറപ്പ് നൽകിയത് രാജീവ് ഗാന്ധിയാണ്. കൂടാതെ ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. പൗരത്വ നിയമം 1955 14(a) വ്യവസ്ഥ കൂട്ടിച്ചേർത്ത് 2004 ഡിസംബർ 3നു നോട്ടിഫിക്കേഷൻ ഇറക്കിയത് ആരുടെ സർക്കാരാണ്? യു പി എ സർക്കാരാണ്. 2004 ഡിസംബർ 3നു ഇറക്കിയ ഈ നോട്ടിഫിക്കേഷൻ അനുസരിച്ചാണ് ഭാരതസർക്കാർ എൻ ആർ സി നടപ്പിലാക്കുക. അത് കൊണ്ടുവന്നത് കോൺഗ്രസ്സ് പാർടിയാണ്. അതിനു ശേഷം 2009 ഉള്ളിൽ ആ പട്ടികയിക് 4(a) കൂട്ടിച്ചേർത്തു. അത് കൃത്യമായും എൻ ആർ സിയ്ക്കുള്ള വ്യവസ്ഥയാണ്. ഇപ്പോൾ കോൺഗ്രസ്സ് പാർടി ചോദിക്കുന്നത് എന്തിനാണ് എൻ ആർ സി നടപ്പിലാക്കുന്നത് എന്നാണ്? എന്തിനാണ് നിങ്ങൾ (കോൺഗ്രസ്സ് പാർട്ടി) അതിനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നത്? അങ്ങനെ വ്യവസ്ഥകൾ കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശം എന്തായിരുന്നു? ഈ നിയമം പൂർണ്ണമായും കോൺഗ്രസ്സിന്റെ കാലത്ത് ഉണ്ടാക്കിയതാണ്. അത് ശരിയാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ലോകത്ത് പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ? പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും മുഴുവൻ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകണം എന്ന് കോൻഗ്ഗ്രസ്സ് പാർട്ടി പറയുമോ? നാളെ അങ്ങനെ ഒരു പ്രസ്താവന സോണിയ ഗാന്ധി ഇറക്കട്ടെ.

ചോദ്യം: ഇന്ന് പ്രതിപക്ഷ പാർടികൾ രാഷ്ട്രപതിയുടെ അടുത്ത് പോയിരുന്നു. അവർ പറയുന്നത്….

അമിത് ഷാ: ഈ നിയമത്തെ എതിർക്കുന്ന എല്ലാവരോടും ഉള്ള എന്റെ വെല്ലുവിളി ഇതാണ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭാരത്തിലെ പൗരത്വം ആഗ്രഹിക്കുന്ന എല്ലാ മുസ്ലീം സഹോദരന്മാർക്കും ഭാരതത്തിലെ പൗരത്വം നൽകണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് നിങ്ങൾ രാജ്യത്തെ ജനങ്ങളോട് പറയൂ. നാളെത്തന്നെ പറയൂ. അങ്ങനെ പറയാൻ സാധിക്കില്ല എങ്കിൽ ഈ നിയമത്തെ എതിർക്കാതിരിക്കുക. ഞങ്ങൾ എന്തു ചെയ്യാനാണ്. എൻ ആർ സി യിൽ എന്താണുള്ളത്? എൻ ആർ സി ഈ രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയാണ്. ഈ രാജ്യത്ത് ആർക്കും (രേഖകൾ ഇല്ലാതെ) താമസിക്കാം എന്നാണോ? ഏത് രാജ്യത്താണ് പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്തത്? ലോകത്തിൽ എല്ലാ രാജ്യങ്ങളിലും പൗരന്മാരുടെ രജിസ്റ്റർ ഉണ്ട്.

ചോദ്യം: ആധാർ കാർഡ്, വോട്ടർ കാർഡ് ഇങ്ങനെയുള്ള രേഖകൾ ഒന്നും ഒരാൾക്ക് ഈ രാജ്യത്തെ പൗരത്വത്തിനുള്ള രേഖയല്ലേ?

അമിത് ഷാ: അല്ല. ഒരിക്കലും അല്ല. അതുകൊണ്ടൊന്നും പൗരത്വം സ്ഥാപിക്കാൻ ആകില്ല. ആധാർ കൊണ്ട് പ്രത്യേകിച്ചും ഇല്ല. ആധാർ ഒരു പ്രത്യേക ഉദ്ദേശത്തോടെ രൂപം കൊടുത്തതാണ്. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുക തന്നെ വേണം. അത് തയ്യാറാക്കുന്നത് കൊണ്ട് ആർക്ക് എന്ത് അപകടം സംഭവിക്കാനാണ്? എന്തിനാണ് ഭയക്കുന്നത്? ഈ രാജ്യത്തെ പൗരന്മാർക്ക് ഒരു ദോഷവും വരില്ല. രാജ്യത്തെ പൗരനായിട്ടുള്ള ഒരു മുസൽമാനും എൻ ആർ സികൊണ്ട് ഒരു അപകടവും വരില്ല എന്ന് സർക്കരിനു വേണ്ടി ഞാൻ ഉറപ്പ് നൽകുന്നു. ഒരിക്കലും ഉണ്ടാകില്ല. ഉണ്ടാകാൻ പോകുന്നുമില്ല. എൻ ആർ സിയ്ക്ക് മുകളിൽ കോടതി ഉണ്ട്. പരാതികൾ വന്നാൽ കോടതിയിൽ പോകാം. കോടതി വാദം കേൾക്കും. തീരുമാനം എടുക്കും. ഈ പ്രക്രിയ ആരംഭിച്ചിട്ടുപോലും ഇല്ല. അപ്പോഴേയ്ക്കും നിങ്ങൾ ഇത്രയധികം ബഹളം വെയ്ക്കുന്നത് എന്തിനാണ്? അതും പൗരത്വ ഭേദഗതി നിയമവും തമ്മിൽ എന്തു ബന്ധമാണുള്ളത്? ഒരു ബന്ധവും ഇല്ല.

ചോദ്യം: എന്നാൽ കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർടികളും ഇന്ന് രാഷ്ട്രപതിയെ കണ്ട് പറയുന്നത് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാണ്. ഇത് പിൻവലിക്കുമോ?

അമിത് ഷാ: ഒരിക്കലും ഇല്ല. നിയമം പിൻവലിക്കാനുള്ള ഒരു സാധ്യതയും ഇല്ല

ചോദ്യം: അമിത്  ജി താങ്കൾ…

അമിത് ഷാ: സ്വന്തം മതവിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനു ഈ രാജ്യത്ത് ശരണാർത്ഥികളായി എത്തിച്ചേർന്ന ഈ കോടിക്കണക്കിനു ആളുകളെ സംരക്ഷിക്കേണ്ടത് നെഹ്രു – ലിയാക്കത്ത് ഉടമ്പടി അനുസരിച്ച് ഈ രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസ്സിന്റെ അന്നത്തെ നേതാക്കൾ മതത്തിന്റെ അടിസ്ഥനത്തിൽ ഈ രാജത്തെ വിഭജിക്കാൻ കൂട്ടുനിന്നില്ലായിരുന്നു എങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നിങ്ങൾ രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തിൽ നടത്തി. അപ്പോൾ അവിടത്തെ ന്യൂനപക്ഷങ്ങൾക്ക് ആ രാജ്യത്ത് സംരക്ഷണം കിട്ടുന്നില്ല എങ്കിൽ അവർ എവിടെ പോകും? ഇനി ഇതാണ് തർക്കമെങ്കിൽ നിങ്ങൾ പറയൂ, ഉഗാണ്ടയിൽ നിന്നും ധാരാളം ഹിന്ദുക്കൾ ഇവിടെ വന്നല്ലൊ. അപ്പോൾ എന്തുകൊണ്ട് അവർക്ക് പൗരത്വം നൽകി? ഇന്ദിരാ ജി തന്നെ 1971-ൽ എന്തുകൊണ്ട് കുറെ പേർക്ക് പൗരത്വം നൽകി? ദണ്ഡകാരണ്യ പദ്ധതി എന്തായിരുന്നു? എന്തുകൊണ്ട് പൗരത്വം നൽകി? ശ്രീലങ്കയിൽ നിന്നും വന്ന ആറുലക്ഷം കുടുംബങ്ങൾക്ക് പൗരത്വം നൽകിയത് എന്തിനാണ്? ഇതേ അടിസ്ഥാനത്തിൽ ആണ് നൽകിയ. എന്നാൽ ഇപ്പോൾ ഭാരതിയ ജനത പാർടി അതേ കാര്യം നടപ്പിലാക്കുമ്പോൾ അതിനു മറ്റൊരു നിറം നൽകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇത് രാഷ്ട്രീയ ആരോപണം നടത്തേണ്ട വിഷയം അല്ല. ഇത് പൂർണ്ണമായും രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനായുള്ള വിഷയമാണ്.

ചോദ്യം: ഇതിൽ ഒന്നു രണ്ട് ചോദ്യങ്ങൾ കൂടി ഉയർന്നു വരുന്നുണ്ട്. താങ്കൾ ഇതെല്ലാം പാർലമെന്റിൽ വ്യക്തമാക്കി. എന്നിട്ടും ഇപ്പോൾ പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നു. ഇപ്പോൾ സർവ്വകലാശാലകളിൽ…

അമിത് ഷാ: താങ്കൾ ഇനിയും ഇതിനെ പർവ്വതീകരിച്ചു കാണിക്കാതിരിക്കുക. സർവ്വകലാശാലകളിൽ നടക്കുന്നതെന്താണെന്ന് എനിക്കും അറിയാം താങ്കൾക്കും അറിയാം. നാലായിരത്തിൽ അധികം സർവ്വകലാശാലകൾ ഉണ്ട്. അതിൽ ഇരുപത്തിരണ്ട് സർവ്വകലാശാലകളിൽ അതിൽ തന്നെ അഞ്ച് സർവ്വകലാശാലകളിൽ ആണ് യഥാർത്ഥത്തിൽ പ്രക്ഷോഭണങ്ങൾ നടക്കുന്നത്. ജാമിയ മിലിയ, ജവഹർ ലാൽ മെഹ്രു യൂണിവേഴ്സിറ്റിയിലെ ചില കുട്ടികൾ, ലഖ്നൗ സർവ്വകലാശാലയിൽ, അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ. മറ്റുള്ള സർവ്വകലാശാലകളിൽ ഒരു തെറ്റിദ്ധാരണ ആണ് പരക്കുന്നത്, കുട്ടികളുടെ നേരെ അക്രമം ഉണ്ടായി. വിദ്യാർത്ഥികളുടെ നേരെ അല്ല അക്രമം നടത്തുന്നവരുടെ നേരെ ആണ് നടപടി ഉണ്ടായത്. അത് ഉണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നത്?

ചോദ്യം: താങ്കൾ പറയുന്നത് ജാമിയ മിലിയയിൽ ഉണ്ടായ പോലീസ് നടപടി അനിവാര്യം ആണെന്നു തന്നെ ആണോ? പോലീസ് ക്യാമ്പസ്സിൽ കടന്നത്, ലൈബ്രറിയിൽ കടന്നത്…

അമിത് ഷാ: ഞാൻ ഇപ്പോഴും പറയുന്നത് ആരാണോ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നത്, പൊതുമുതൽ നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവർക്കെതിരെ പോലീസിനു നടപടി സ്വീകരിക്കേണ്ടതായി തന്നെ വരും.

ചോദ്യം: അനുവാദമില്ലാതെ സർവ്വകലാശാലകളുടെ ഉള്ളിൽ കടന്നും?

അമിത് ഷാ: കല്ല് എവിടെ നിന്നാണ് വന്നത്? വിദ്യാർത്ഥികൾ അല്ലാത്ത കുറെ അധികം ആളുകൾ സർവ്വകലാശാലകൾക്കുള്ളിൽ ഉണ്ടായിരുന്നു എന്നതും ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ഉണ്ട്.

ചോദ്യം: വീഡിയോയിൽ നിന്നും പോലീസ് നടത്തിയ അതിക്രൂരമായ ലാത്തിചാർജ്ജ് ആണെന്നതും മനസ്സിലാകുന്നുണ്ട്.

അമിത് ഷാ: എത്ര ബസ്സുകൾക്കാണ് തീവച്ചത്? താങ്കൾ അതിനെ പിന്തുണയ്ക്കുന്നുണ്ടോ? ഈ വിദ്യാർത്ഥികൾ ബസ് കത്തിച്ചത് ശരിയാണോ?

അവതാരിക: അക്രമങ്ങളെ ആരും പിന്തുണയ്ക്കുന്നില്ല.

അമിത് ഷാ: പിന്നെ അക്രമം എങ്ങനെ ഇല്ലാതാവും എന്നാണ്. ഉപദേശം കൊണ്ട് ഇല്ലാതാവുമോ? നിങ്ങളുടെ പരിപാടികൾ കണ്ട് ഇല്ലാതവുമോ? അക്രമങ്ങൾക്ക് വലിയ പ്രചാരണം ആണല്ലൊ നൽകുന്നത്. ടൈംസ് നൗ മുഴുവൻ അക്രമത്തിന്റെ ദൃശ്യങ്ങൾ ആണ്. അക്രമം എങ്ങനെ അവസാനിപ്പിക്കും എന്നതിനു എനിക്ക് ഒരു മാർഗ്ഗം പറഞ്ഞുതരൂ. അക്രമം അവസാനിപ്പിക്കുകയും വേണം കടുത്ത നടപടികൾ ഉണ്ടാകാനും പാടില്ല. നിങ്ങൾക്ക് അക്രമങ്ങൾ മാർക്കറ്റ് ചെയ്യുകയും വേണം. എല്ലാം കൂടി എങ്ങനെ നടക്കാനാണ്. പറയൂ.

ചോദ്യം: അമിത് ഷാ ജി താങ്കൾ ആഭ്യന്തരമന്ത്രി ആണ്. ക്രമസമാധാനം താങ്കളുടെ ചുമതലയാണ്. സമ്മതിക്കുന്നു. അതേസമയം തന്നെ താങ്കൾ ഒരു ഭാരതീയ പൗരനും ആണ്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുള്ള ഒരു വിഭാഗത്തെയാണ് താങ്കൾ പ്രതിനിധാനം ചെയ്യുന്നതും. ഒരുമിനിറ്റ് താങ്കളുടെ രാഷ്ട്രീയം മാറ്റിവച്ച് മാനുഷീകതയോടെ എന്റെ ഒരു ചോദ്യത്തിനു ഉത്തരം പറയണം എന്ന് ആവശ്യപ്പെടുന്നു. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന നടപടികൾ രാജ്യത്താകമാനം അസ്വസ്ഥത പടർത്തുന്നു എങ്കിൽ അത്തരം നടപടികൾ സ്വീകരിക്കുന്നത് ശരിയാണോ?

അമിത് ഷാ: താങ്കൾ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ കൃത്യമായ ഉത്തരം നൽകാം.

ചോദ്യം: ഞാൻ കൃത്യമായി ചോദ്യം ചോദിക്കാം. ആർട്ടിക്കിൾ 370 അതിനെ കുറിച്ച്..

അമിത് ഷാ: ഒരു സെക്കന്റ്. ആർട്ടിക്കിൾ 370 കൊണ്ടുവന്നപ്പോൾ തന്നെ അത് താൽക്കാലികമായതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അത് ഒരിക്കലും എടുത്തുകളയാൻ പാടില്ലാത്തതാണ് എങ്കിൽ അത് താൽക്കാലികമാണെന്ന് എന്തുകൊണ്ട് പറഞ്ഞു?

ചോദ്യം: അത് നമ്മൾ മുൻപും ചർച്ചചെയ്തതാണ്. താങ്കളുടെ വാദങ്ങൾ ശരിയായിരിക്കും എന്ന് ഞാനും കരുതുന്നു. എന്റെ ചോദ്യം ഇത്രയധികം കാര്യങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവന്നാൽ അത് ഉൾക്കൊള്ളാനുള്ള സമയം സമൂഹത്തിനു കിട്ടേണ്ടതെല്ലെ?

അമിത് ഷാ: ഇതിനെല്ലാം എന്തു സാമ്യമാണുള്ളത്. ആർട്ടിക്കിൾ 370 കശ്മീരിനു വേണ്ടി ഉള്ളതാണ്. ഇപ്പോൾ അവിടെ കുഴപ്പങ്ങൾ ഒന്നും ഇല്ല. സമാധാനമുണ്ട്. ജനങ്ങൾ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. കർഫ്യു പിൻവലിച്ചിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. എന്താണ് പ്രശ്നം?

ചോദ്യം: അങ്ങനെ എങ്കിൽ ആസാമിൽ എന്താണ് പ്രശ്നങ്ങൾ?

അമിത് ഷാ: ആസാമിൽ ഒരു വലിയ പ്രക്ഷോഭം നടന്നു, അതിന്റെ കാരണം വിദേശികളായ അഭയാർത്ഥികളെ നിലനിറുത്തണോ വേണ്ടയോ എന്നതാണ്. ഒന്ന് എൻ ആർ സി കൊണ്ടുവരുക എന്നത്. രണ്ടാമത്തേത് ആസാമിന്റെ അസ്തിത്വത്തിന്റെ സംരക്ഷനത്തിനായി ക്ലോസ് ആറ് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുക. കോൺഗ്രസ്സ് 1985 മുതൽ ക്ളൊസ് ആറിനെ ഓർത്തതു പോലും ഇല്ല. ഭാരതീയ ജനത പാർടിയുടെ സർക്കാർ വന്നതിനു ശേഷം ക്ലൊസ് ആറ് അനുസരിച്ചുള്ള കമ്മറ്റി ഉണ്ടാക്കി, 2019-ൽ ഞങ്ങൾ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇന്ന് ആസാമിലെ പൂർവ്വവാസികളുടെ സ്തിത്വത്തിനു, അവരുടെ സംസ്കാരത്തിനു, അവിടത്തെ ജങ്ങൾക്ക് ജോലിയിൽ ലഭിക്കേണ്ട സംവരണത്തിനു ഒക്കെ ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി നടപടികൾ സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസം വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഇത് എൻഡ് ലിസ്റ്റണെന്നുള്ള തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നു അത്. അത് എന്റ് ലിസ്റ്റ് അല്ല. 2014 ഡിസംബർ 31 വരെ ശരണാർത്ഥികളായി വന്നവർക്ക് പൗരത്വം നൽകേണ്ടതുണ്ട്. ഈ കാര്യത്തിൽ വ്യക്തത വന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പതുക്കെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസമായി അവിടെ അക്രമസംഭവങ്ങൾ ഒന്നും തന്നെ ഇല്ല. സമാധാനത്തോടെ..

ചോദ്യം: നാലു പേർ അവിടെ കൊല്ലപ്പെട്ടു.

അമിത് ഷാ: അതെ അതു ശരിയാണ്. കോൺഗ്രസ്സിന്റെ കാലത്ത് ഇതുപോലെ കലാപം ഉണ്ടായപ്പോൾ 885 പേർ കൊല്ലപ്പെട്ടു.

ചോദ്യം: ഈ കലാപത്തിന്റെ ആവശ്യം മുഴുവൻ ശരണാർത്ഥികളും പുറത്താക്കപ്പെടമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും അവർ ഒരു വ്യത്യാസവും കണ്ടില്ല.

അമിത് ഷാ: ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ നെഹ്രു – ലിയാക്കത്ത് ഉടമ്പടിയിൽ വിശ്വസിച്ച് അവിടെ താമസിച്ചവരെ എന്തു ചെയ്യണം? നാളെ ലോകത്തെ ഏതെങ്കിലും രാജ്യം അവിടത്തെ ഹന്ദുക്കളെ പുറത്താക്കിയാൽ അവർ എവിടെ പോകും? കോൺഗ്രസ്സ് ഉഗാണ്ടയിൽ നിന്നുള്ള ഹിന്ദുക്കൾക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ അഭയം നൽകിയത്?

ചോദ്യം: ഹിന്ദുക്കളെ കുറിച്ച് മാത്രം ചിന്തിക്കുക, അവരുടെ സുരക്ഷയെ കുറിച്ച് മാത്രം ആശങ്കപ്പെടുക…

അമിത് ഷാ: ആദ്യം ഒന്ന് മനസ്സിലാക്കൂ. ഈ മൂന്ന് രാജ്യങ്ങളിലേയും ഹിന്ദുക്കളെ കുറിച്ച് പറയുന്നത് ആ രാജ്യങ്ങൾ മുസ്ലീം രാജ്യങ്ങൾ ആയതുകൊണ്ടാണ്, കൃസ്ത്യാനികളെ കുറിച്ച് പറയുന്നത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്, സിഖ്, ബുദ്ധ, ജൈന വിഭഗങ്ങളെ കുറിച്ച് പറയുന്നത് ഇത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്. ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം വിഭാഗത്തിൽ പെടുന്നവർക്ക് എങ്ങനെ മതാനുഷ്ഠാനങ്ങൾ തുടരാൻ സാധിക്കാതെ വരുന്നതെന്ന് നിങ്ങൾ പറയൂ.

ചോദ്യം: അതിന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു പ്രശ്നം നടക്കുന്നത്…

അമിത് ഷാ: ഇവർ നമ്മുടെ നാട്ടുകാർ തന്നെ ആണ്. താങ്കൾ ഇത്രയും പറഞ്ഞതു കൊണ്ട് ഞാൻ ചിലത് പറയാം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജി “രാഷ്ട്രീയ അതിർത്തികൾ കാരണം നമ്മളിൽ നിന്നും അകലെ ആയ സഹോദരീ സഹോദരന്മാരെ നമ്മൾ കാണുന്നുണ്ട്. ഈ സമയത്ത് ഈ സ്വാതന്ത്ര്യ ആഘോഷങ്ങളിൽ അവർക്ക് പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമവും ഉണ്ട്. എന്തു തന്നെ സംഭവിച്ചാലും അവർ നമ്മുടേതാണ്. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെ കുറിച്ച് നമുക്ക് ആശങ്ക ഉണ്ടായിരിക്കും.”

ഇനി രാജേന്ദ്രപ്രസാദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു “ഒറ്റപ്പെട്ടു പോയ ആ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിൽ നമ്മൾ ആശങ്കയുള്ളവരായിരിക്കും. അവർക്കുണ്ടാകുന്ന പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ച് രാജ്യം ആലോചിക്കേണ്ടതുണ്ട്.”

സർദാർ വല്ലഭായി പട്ടേൽ “സ്വാതന്ത്ര്യ സമരത്തിൽ നമ്മൾക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്നുണ്ടായ ഈ അതിർത്തികൾ മൂലം വിദേശികളാകുന്ന പ്രശ്നമില്ല. അവരെ നമ്മൾ സ്വീകരിക്കേണ്ടതാണ്”

ഇനി കോൺഗ്രസ്സ് പ്രവർത്തക സമിതിയുടെ പ്രസ്താവന ശ്രദ്ധിച്ചു കേൾക്കണം ” കോൺഗ്രസ്സ് സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനു അതിർത്തികടന്ന് വന്നതും വരാനിരിക്കുന്നവരും ആയ പാകിസ്താനിലെ മുഴുവൻ അമുസ്ലീങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ബാധ്യസ്ഥമാണ്” അമുസ്ലീം ഇത് കോൺഗ്രസ്സിന്റെ പ്രസ്താവന ആണ്. ഈ പ്രസ്താവന 25 നവംബർ 1947 ലേതാണ്.

ഇനി മഹാത്മഗാന്ധി 25 ഡിസംബർ 1947 ” പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും (ഞാൻ ഈ വാക്കുകൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു) പാകിസ്താനിൽ വസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലതല്ലെങ്കിൽ അവർക്ക് നിസംശയം ഭാരതത്തിലേയ്ക്ക് വരാവുന്നതാണ്. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്”

ഇവരൊന്നും മതനിരേപേക്ഷവാദികൾ അല്ലായിരുന്നോ? കോൺഗ്രസ്സ് ജവഹർലാൽ നെഹ്രുവിനേയും മഹാത്മഗാന്ധിയേയും സർദാർ പട്ടേലിനേയും രാജേന്ദ്രപ്രസാദിനേയും പാർടിയുടെ തന്നെ പ്രസ്താവനയേയും ഒക്കെ മറന്നു പോയോ? ഇവരൊന്നും മതനിരപേക്ഷർ അല്ലായിരുന്നോ? മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് തെറ്റാണെന്ന് അവർക്ക് അറിയാമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. അങ്ങനെ നടന്നില്ലായിരുന്നു എങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു.

(ആദ്യത്തെ 20 മിനിറ്റിനടുത്തുള്ള വിവർത്തനം ആണ് ഇത്, വിവർത്തനം ചെയ്തത് മണികണ്ഠൻ ഓ വി )

shortlink

Related Articles

Post Your Comments

Related Articles


Back to top button