ന്യൂയോർക്ക്: മേലുദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുഎൻ ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന് ആരോപിച്ചാണ് യുഎൻ ജീവനക്കാരിയായ മാർട്ടിന ബ്രോസ്ട്രോമിനെ ജോലിയിൽനിന്ന് പുറത്താക്കിയത്. ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക പരാതി നൽകിയതിലുള്ള പ്രതികാരമായാണ് തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്ന് മാർട്ടിന പറഞ്ഞു.
യുഎന്നിലെ അസിസ്റ്റ് സെക്രട്ടറി ജനറലിനെതിരെയായിരുന്നു മാർട്ടിന പരാതിപ്പെട്ടത്. ഇതിൽ പകരമെന്നോണം കഴിഞ്ഞ വെള്ളിയാഴ്ച ഉദ്യോഗസ്ഥർ തന്നെ ജോലിയിൽനിന്ന് അനധികൃതമായി പിരിച്ചുവിടുകയായിരുന്നുവെന്ന് മാർട്ടിന പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ലൈംഗിക ആരോപണങ്ങളെല്ലാം മാർട്ടിന തള്ളുകയും ചെയ്തിരുന്നു. 2018ൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് മാർട്ടിൻ വെളിപ്പെടുത്തിയത്.
യുഎൻ ലൈംഗിക കുറ്റവാളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകളോട് ഇങ്ങനെയാണ് ചെയ്യുക. ഐക്യരാഷ്ട്രസഭയുടെ ആഗോള എയ്ഡ്‌സ് (യുഎൻഎയ്ഡ്സ്) പദ്ധതിയുടെ നയ ഉപദേഷ്ടാവായ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കുക എന്നത് മാത്രമാണ് അവർ ആഗ്രഹിച്ചിരുന്നതെന്നും മാർട്ടിന സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, മാർട്ടിനയെ പുറത്താക്കിയെന്ന വിവരം യുഎൻഎയ്ഡ്സ് സംഘടനാ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments