ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ തെരുവുകളില്‍ നടക്കുന്ന കലാപം നിറുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആദ്യം സമാധാനം വരട്ടെ, പിന്നീടാവാം കേസെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയ മിലിയ – അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ സുപ്രീംകോടതി ഇടപടലാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകള്‍ നല്കിയ ഹര്ജിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ.
ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്ന് അഭിഭാഷക ചൂണ്ടിക്കാണിച്ചപ്പോഴാണ് പൊലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്നും സമാധാനം പുനഃസ്ഥാപിച്ചാല്‍ വിഷയം ഇന്ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചത്. പ്രതിഷേധം തുടര്‍ന്നാല്‍ കേസ് പരിഗണിക്കാമെന്ന തീരുമാനം മാറ്റുമെന്നും ചീഫ്ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. കുറ്റവാളി ആര്, നിരപരാധി ആര് എന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കും. പൊതു മുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതില്‍ കോടതികള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല. ഇത് ക്രമസമാധാന പ്രശ്നമാണ്. പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികളാണെന്നു കരുതി നിയമം കൈയിലെടുക്കരുത്. ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണം. എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നും കോടതി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകനായ കോലിന് ഗോണ്‍സാല്‍വസും അലിഗഡ് വിഷയം കോടതിയില്‍ ഉന്നയിച്ചു. അലിഗഡ് സര്‍വകലാശാലയിലെ വിഷയം കൂടുതല്‍ രൂക്ഷമാണ്. ഇന്റര്‍നെറ്റിന് നിയന്ത്രണം ഉള്ളതുകൊണ്ട് അവിടത്തെ യഥാര്‍ത്ഥ അവസ്ഥ പുറംലോകം അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെങ്കിലും കല്ലെറിയുന്നു എന്നതുകൊണ്ട് കോടതി ആ വിഷയത്തില്‍ ഇടപെടണമെന്നില്ല. ആദ്യം കലാപം അവസാനിക്കട്ടെ എന്ന് കോടതി അപ്പോള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
ജാമിയയിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട.സുപ്രീംകോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കലാപവും അക്രമവും പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്നാല്‍ ഇതൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളും കാണേണ്ടതില്ലേ എന്ന്ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങളില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കാമെന്നും അറിയിച്ചു.
Post Your Comments