ബെംഗളൂരു: കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍ക്ക് കോടതി 15,000 രൂപ പിഴയും 10 വര്‍ഷം കഠിനതടവിനും വിധിച്ചു. മറ്റൊരുസ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഗുരപ്പനപാളയ സ്വദേശി ഡോ. സയീദ അമീന നഹീം (42)കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞത്. ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി മൈസൂരു സ്വദേശിയായ ഇരയ്ക്ക് രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ടു. 2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സയീദയും യുവാവും പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ബന്ധം അവസാനിപ്പിച്ച് യുവാവ് മറ്റൊരുസ്ത്രീയെ വിവാഹംചെയ്തു.
വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷമാണ് സംഭവം നടന്നത്. കോറമംഗളയിലെ സയീദയുടെ ഡെന്റല്‍ ക്ലിനിക്കിലേക്കു ക്ഷണിച്ച കാമുകനെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയശേഷം ജനനേന്ദ്രിയം മുറിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സയീദതന്നെ ആശുപത്രിയിലെത്തിച്ചു. ക്ലിനിക്കിലേക്കുവരുന്നതിനിടെ അപകടം സംഭവിച്ചതാണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്. പിന്നീട് കൊലപാതകശ്രമത്തിന് കേസെടുത്ത കോറമംഗല പോലീസ് സയീദയെ അറസ്റ്റുചെയ്തു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ക്ലിനിക്കിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് യുവാവിന് പരിക്കേറ്റതെന്ന് സയീദയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സയീദ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‌തെന്ന് അറിഞ്ഞതിനെത്തുടര്‍ന്നുള്ള പകയാണ് സംഭവത്തില്‍ കലാശിച്ചതെന്നും ജനനേന്ദ്രിയം മുറിച്ചാലുണ്ടാകുന്ന പ്രത്യാഘാതം സയീദയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
Post Your Comments