മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഉണ്ടാക്കിയ മഹാവികാസ് അഖാഡി സര്‍ക്കാരിൽ ഒരുമാസം തികയും മുന്നേ പൊട്ടിത്തെറി. രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മുതല്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയം വരെ സഖ്യസര്‍ക്കാരിനുളളില്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ പോകുന്ന പ്രതിപക്ഷ സംഘത്തോടൊപ്പം ശിവസേന ഇല്ല എന്നത് തന്നെ വിള്ളൽ രൂക്ഷമാണെന്നും കാര്യങ്ങള്‍ ഗൗരവതരമാണെന്നും സൂചന നൽകുന്നു.
ഹിന്ദുത്വ വിഷയത്തില്‍ അടക്കമുളള അഭിപ്രായ ഭിന്നതകള്‍ സര്‍ക്കാരിനുളളില്‍ ഏറ്റുമുട്ടലുകളുണ്ടാക്കും എന്ന് തുടക്കം മുതലേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. രാജ്യമെങ്ങും വലിയ ചര്‍ച്ചയായിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കാന്‍ ബിജെപിക്ക് ശിവസേനയുടെ പിന്തുണയുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിയുണ്ടാക്കി. എന്നാല്‍ രാജ്യസഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോവുകയാണ് ശിവസേന എംപിമാര്‍ ചെയ്ത്.
പിന്നാലെ സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവും സഖ്യത്തില്‍ വിളളലുണ്ടാക്കി.സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ശിവസേന രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വരികയും ചെയ്തു. സവര്‍ക്കറെ അപമാനിക്കാനാവില്ല എന്നാണ് സേനയുടെ നിലപാട്.പൗരത്വ ഭേദഗതി നിയമമായി മാറിയതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും മധ്യപ്രദേശും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മഹാരാഷ്ട്ര ഇതുവരെ അക്കാര്യത്തില്‍ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പറയാനാവില്ല എന്നാണ് ശിവസേനയിലെ ഒരു വിഭാഗം വാദിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രകടന പട്ടികയിലുണ്ടായിരുന്നതാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ശിവസേന ഈ നിലപാട് പ്രഖ്യാപിച്ചാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാവും.സംസ്ഥാനത്ത് നിയമം നടപ്പിലാക്കേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നിലപാട്.
എന്നാല്‍ ശിവസേന ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല.കോണ്‍ഗ്രസും ശിവസേനയും തമ്മിലുളള പ്രശ്‌നം വഷളാകാതിരിക്കാന്‍ എന്‍സിപിയും ഇടപെടല്‍ നടത്തുന്നുണ്ട്. അതിനിടെയാണ് രാഷ്ട്രപതിയെ കാണാനുളള പ്രതിപക്ഷ സംഘത്തില്‍ നിന്ന് ശിവസേന വിട്ട് നില്‍ക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാഷ്ട്രപതിയെ കാണാനുളള പ്രതിപക്ഷ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും ശിവസേന പ്രതിപക്ഷ സംഘത്തിന്റെ ഭാഗമല്ലെന്നും റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോ എന്നത് മന്ത്രിസഭാ യോഗത്തില്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നും റാവുത്ത് പറഞ്ഞു.
Post Your Comments