ശബരിമല: തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഹോര്‍ലിക്സും ബിസ്കറ്റും നല്‍കും. പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ എന്തെങ്കിലും നല്‍കണമെന്ന സ്പെഷ്യല്‍ കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഴം അടക്കമുള്ളവ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. അതേസമയം ഹോര്‍ലിക്സും ബിസ്കറ്റും പോലീസ് മെസിലേക്ക് ദേവസ്വം ബോര്‍ഡ് കൈമാറും. പത്ത് പോലീസുകാര്‍ വീതമാണ് ഒരേസമയം പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നത്.
സന്നിധാനത്തെ പോലീസിന് പതിനെട്ടാംപടിയിലെ ജോലിയാണ് ഏറ്റവും കഠിനമായിട്ടുള്ളത്. തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തില്‍ പടികയറാന്‍ സഹായിക്കണം. ഒരു മിനിറ്റില്‍ 90 പേര് പതിനെട്ടാംപടി കയറി മാറണം. അല്ലെങ്കില്‍ പമ്പ വരെയാണ് ക്യൂ നീളുക. ഒരോ 20 മിനിറ്റ് കൂടുമ്പോഴും പോലീസുകാര്‍ മാറും. ഓരോ ഗ്രൂപ്പിനും നാല് മണിക്കൂറാണ് പതിനെട്ടാംപടിയില്‍ ഡ്യൂട്ടി. തുടര്‍ച്ചയായി 20 മിനിറ്റിലധികം ജോലി ചെയ്യാനാകില്ല. അപ്പോഴേക്കും തളരും. നാല് മണിക്കൂറിനുശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കുന്നതാണ് പതിവ്.
Post Your Comments