കൊല്‍ക്കത്ത: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗിന്റെ സഹോദരന് തൊങ്ബ്രാം ലുഖോയി സിംഗിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. സിംഗിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇയാളെയും ഒരു സഹായിയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ വച്ചാണ് സംഭവം. തട്ടികൊണ്ട് പോയ ശേഷം സിംഗിന്റെ ഭാര്യയെ വിളിച്ച് പതിനഞ്ച് ലക്ഷം രൂപ മോചന ദ്രവ്യവും ആവശ്യപ്പെട്ടു. സിംഗിന്റെ ഭാര്യ ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. ഉടന്‍ തന്നെ അന്വേഷണം തുടങ്ങിയ പോലീസ് വൈകുന്നേരത്തോടെ സിംഗിനെയും സഹായിയെയും മോചിപ്പിച്ചു.
മധ്യ കൊല്‍ക്കത്തയിലെ ബെനിയാക്പൂരില് നിന്നാണ് അഞ്ച് അക്രമികളെയും പോലീസ് അറസ്റ്റ് ചെയ്തത്. അക്രമികളില്‍ രണ്ട് പേര് മണിപ്പൂര്‍ സ്വദേശികളാണ്. രണ്ട് പേര് കൊല്‍ക്കത്തയില്‍ നിന്നുള്ളവരും ഒരാള്‍ പഞ്ചാബ് സ്വദേശിയുമാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും മൂന്ന് കളിത്തോക്കുകളും പോലീസ് പിടിച്ചെടുത്തു.
Post Your Comments