കൊല്‍ക്കത്ത: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ പശ്‌ചിമബംഗാള്‍ രാഷ്‌ട്രീയത്തില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടലിന് ആക്കംകൂട്ടും. 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇരുപാര്‍ട്ടികളും പൗരത്വ ഭേദഗതി ബില്‍ ഉയര്‍ത്തിക്കാട്ടുമെന്നു വ്യക്‌തമായിക്കഴിഞ്ഞു.ബംഗാളില്‍ ഹിന്ദു, മുസ്ലിം വോട്ടുകളുടെ ധ്രുവീകരണത്തിന് ഭേദഗതി ബില്‍ വഴിവയ്‌ക്കുമെന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്‌റ്ററും ബംഗാളികളെയും ബംഗാളി സ്വത്വത്തെയും കടന്നാക്രമിക്കാനുള്ളതാണെന്നു തൃണമൂലും വിലയിരുത്തുന്നു. ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയിലേക്കും മുസ്ലിം വോട്ടുകള്‍ തൃണമൂലിലേക്കും കേന്ദ്രീകരിക്കുന്ന സാഹചര്യമാകും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്നാണു കരുതുന്നതെന്ന് ബംഗാള്‍ ബി.ജെ.പി. നേതാക്കള്‍ പറയുന്നു.294 അംഗ ബംഗാള്‍ നിയമസഭയിലെ തൊണ്ണൂറോളം മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടര്‍മാര്‍ക്കാണു മേല്‍ക്കൈ.
80 മണ്ഡലങ്ങളിലെങ്കിലും നിര്‍ണായകശക്‌തി ഹിന്ദു അഭയാര്‍ഥികളാണ്. മറ്റ് അമ്ബതോളം മണ്ഡലങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്. ആകെ വോട്ടര്‍മാരില്‍ 10-15 ശതമാനത്തോളം വരുമിത്. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന ഹിന്ദു അഭയാര്‍ഥികള്‍ക്കായി തൃണമൂലോ ഇടതുപക്ഷമോ ചെറുവിരലനക്കിയിട്ടില്ലെന്നു ബി.ജെ.പി. ആരോപിക്കുന്നു.പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയതോടെ തൃണമൂലിന്റെ മുഖംമൂടി അഴിഞ്ഞുവീണു. മുസ്ലിം പ്രീണന രാഷ്‌ട്രീയം ഇതോടെ തുറന്നുകാട്ടപ്പെട്ടു. ബംഗാളിലെ മാതുവ, രാജ്‌ബന്‍ഷി, നംശുദ്ര സമുദായങ്ങള്‍ ബില്ലിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല.
ഇതോടെ അവര്‍ക്ക് പൗരത്വം ലഭിക്കുകയും ആത്മാഭിമാനത്തോടെ രാജ്യത്ത് ജീവിക്കാന്‍ കഴിയുകയും ചെയ്യുമെന്നും ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.പാകിസ്‌താന്‍, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31-നു മുമ്പ് എത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കാമെന്നാണു ഭേദഗതി ബില്ലിലെ വ്യവസ്‌ഥ. നിലവില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഏറെക്കുറെ അപ്രസക്‌തമായ ബംഗാളില്‍, തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള രാഷ്‌ട്രീയ ഏറ്റുമുട്ടലിനാകും വരുംനാളുകള്‍ സാക്ഷ്യംവഹിക്കുക.
ബംഗ്ലാദേശുമായി രണ്ടായിരത്തോളം കിലോമീറ്ററിലേറെ അതിര്‍ത്തി പങ്കിടുന്ന സംസ്‌ഥാനമാണ് പശ്‌ചിമ ബംഗാള്‍. ബംഗ്ലാദേശില്‍നിന്നുള്ള എല്ലാ വിഭാഗം അഭയാര്‍ഥികളുടെയും അഭയകേന്ദ്രവും ബംഗാളാണ്. ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികളെ കൈവിടില്ലെന്ന നിലപാടിലാണു തൃണമൂല്‍ കോണ്‍ഗ്രസ്. ദേശീയ പൗരത്വ രജിസ്‌റ്ററിനും പൗരത്വ ഭേദഗതി ബില്ലിനുമെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി മാറുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നേരത്തേ വ്യക്‌തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യഭൂമിയിലുമുള്ള അഭയാര്‍ഥി കോളനികള്‍ നിയമവിധേയമാക്കുമെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെതിരേ നിലപാട് സ്വീകരിക്കുകയും ചെയ്‌തു.
Post Your Comments