ന്യൂ ഡൽഹി : അമിത് ഷാ ചരിത്ര ക്ലാസുകളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ലെന്നു ശശി തരൂർ എംപി. ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അമിത് ഷാ ചരിത്ര ക്ലാസുകളിൽ ശ്രദ്ധിക്കാത്തതുകൊണ്ടുള്ള പിശകാണിത്. ദ്വിരാഷ്ട്ര സിദ്ധാന്തം ഹിന്ദു മഹാസഭയും മുസ്ലിം ലീഗും മാത്രമാണ്മുന്നോട്ടുവച്ചത്. ബിജെപിയുടെ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്ഥാൻ വാദത്തിനെതിരെ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും തരൂർ പറഞ്ഞു.
രാജ്യത്തിന്റെ തെക്കുള്ളവർ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. ബിജെപി ഇതിനകം ഇത് മനസിലാക്കിയിട്ടുണ്ട്.വിന്ധ്യയുടെ തെക്കുള്ളവർ ഹിന്ദുത്വ അജണ്ടയും പങ്കുവയ്ക്കില്ല. രാജ്യവ്യാപകമായി എൻആർസി ഏർപ്പെടുത്താനുള്ള അമിത് ഷായുടെ ശ്രമം പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ബിജെപി എന്തിനും കോൺഗ്രസിനെയും നെഹ്റുവിനെയും കുറ്റപ്പെടുത്തുകയാണ്. നാളെ ഡൽഹിയിലെ മോശം കാലാവസ്ഥയ്ക്കും അവർ നെഹ്റുവിനെ കുറ്റപ്പെടുത്തും.
സ്വാതന്ത്ര്യസമരം മുതൽ എല്ലാവരെയും പ്രതിനിധീകരിക്കുന്ന എല്ലാ മതങ്ങളുടെയും ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ദേശീയതയെ മതം നിർണയിക്കുന്നതിനെ അടിസ്ഥാനപരമായി എതിർത്ത പാർട്ടി കൂടിയാണെന്നും ശശി തരൂർ പറഞ്ഞു.
Post Your Comments