ലക്നോ: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എന്‍. ശുക്ലയ്ക്കെതിരെ സിബിഐ കേസ്. പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായി വിധിപറയാന്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണു കേസ്.സംഭവവുമായി ബന്ധപ്പെട്ട് ഖുദ്ദൂസിയെ 2017 സെപ്റ്റംബറില്‍ അറസ്റ്റു ചെയ്തിരുന്നു. വ്യാഴാഴ്ച രണ്ടു ജഡ്ജിമാരുടെയും വീട്ടിലെത്തി സിബിഐ സംഘം പരിശോധന നടത്തി. ഇവരുടെ പക്കല്‍നിന്ന് ആവശ്യമായ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് സിബിഐ അറിയിച്ചത്.
2017-ല്‍ ലക്നോവിലെ ജിസിആര്‍ജി മെഡിക്കല്‍ കോളജിന് അഡ്മിഷന് നടത്തുന്നതിനായി താന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി തിരുത്തിയെന്നാണ് ജസ്റ്റീസ് ശുക്ലക്കെതിരെയുള്ള പരാതി. 2017-2018 അധ്യായന വര്‍ഷം അഡ്മിഷന് നടത്താന്‍ സ്വകാര്യ മെഡിക്കല്‍ കോളജിനെ അനുവദിക്കുന്നതില്‍ നിന്നു ഹൈക്കോടതിയെ വിലക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ശുക്ലയുടെ നീക്കം.
ശുക്ലയ്ക്കു പുറമെ ഒഡിഷ ഹൈക്കോടതി ജഡ്ജി ഐ.എം. ഖുദ്ദൂസി, പ്രസാദ് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ഭവന് പാണ്ഡെ, ഭവന് പ്രസാദ് യാദവ്, പലാശ് യാദവ്, സുദീര്‍ ഗിരി എന്നിവര്‍ക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.നേരത്തെ, ശുക്ലയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് സിറ്റിംഗ് ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി അനുവാദം നല്‍കിയത്.
ശുക്ല കുറ്റക്കാരനാണെന്ന് ജഡ്ജിമാരുടെ പാനല്‍ കണ്ടെത്തിയിരുന്നു. സിറ്റിംഗ് ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റീസിന്റെ അനുമതിയില്ലാതെ കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ല. ശുക്ലയ്ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോഴ കേസില്‍ മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments