
ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്‌റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ഫാത്തിമാ ലത്തീഫിന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന കുറിപ്പില്‍ മൂന്ന് അധ്യാപകരുടെയും ഏഴു സഹപാഠികളുടെയും പേരുകളുണ്ടെന്നു പിതാവ് അബ്‌ദുള്‍ ലത്തീഫ്. ഫാനില്‍ കയറോ ബെഡ് ഷീറ്റോ അടക്കം തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു മരണമെന്നാണു ഡോക്‌ടര്‍ പറഞ്ഞത്.
അന്നു ഹോസ്‌റ്റലില്‍ പുലര്‍ച്ചെവരെ നീണ്ട പിറന്നാള്‍ ആഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നു ഹോസ്‌റ്റലിലുണ്ടായിരുന്നില്ല. മുറിയില്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും ഫാത്തിമയുടെ മരണശേഷം അവിടെയുണ്ടായിരുന്നില്ല.രാവിലെ ആറിന് ഉണരാറുള്ള ഫാത്തിമയെ ഉച്ചയ്‌ക്കു 11 വരെ ആരും നോക്കിയില്ലെന്നതു വിശ്വസനീയമല്ല. അന്വേഷണത്തില്‍ തമിഴ്‌നാട് പോലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും മൃതദേഹം സൂക്ഷിച്ചതുപോലും മര്യാദകെട്ട രീതിയിലാണെന്നും ലത്തീഫ് പറഞ്ഞു.
മകളുടെ മരണവിവരമറിഞ്ഞെത്തിയ തങ്ങളെ ആദ്യദിവസം മൃതദേഹം കാണാന്‍ അനുവദിച്ചില്ല. തെളിവുകള്‍ നശിപ്പിക്കാനും മറ്റും പോലീസ് കൂട്ടുനിന്നു. മരണം നടന്ന ശേഷവും മകളുടെ മുറി സീല്‍ ചെയ്‌തിരുന്നില്ല. മുറി അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു. അടുക്കുംചിട്ടയുമുള്ള ഫാത്തിമയുടെ മുറി ഒരിക്കലും അങ്ങനെയാകില്ല. മുറിയില്‍ നിന്ന് പോലീസ് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചില്ല. സി.സി. ടിവിദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോശം അനുഭവങ്ങളാണുണ്ടായതെന്നും അേദ്ദഹം പറഞ്ഞു.
മൃതദേഹം സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചു വേഗം നാട്ടിലേക്ക് അയയ്‌ക്കാനായിരുന്നു ഐ.ഐ.ടി. അധികൃതരുടെ ശ്രമം. മകളുടെമരണം കൊലപാതകമാണെന്നു സംശയിക്കുന്നതായും അബ്‌ദുള്‍ ലത്തീഫ് പറഞ്ഞു.സഹപാഠികളില്‍ പലര്‍ക്കും ഫാത്തിമയോട് പഠനസംബന്ധമായി അസൂയയും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഏഴു വിദ്യാര്‍ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും ഫാത്തിമയോട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരുടെ പേരുകള്‍ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്.
കൈവശമുള്ള തെളിവുകള്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കു കൈമാറിയതായും അദ്ദേഹം പറഞ്ഞു . അതെ സമയം ഫാത്തിമ ലത്തീഫിന്റേതടക്കം മദ്രാസ് ഐ.ഐ.ടിയിലെ ദുരൂഹമരണങ്ങള്‍ സി.ബി.ഐ. അന്വേഷിക്കും. ഫാത്തിമയുടെ പിതാവ് അബ്‌ദുള്‍ ലത്തീഫിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഉറപ്പു നല്‍കിയത്. വനിതാ ഐ.ജിയുടെ നേതൃത്വത്തില്‍ ഒരാഴ്‌ചയ്‌ക്കകം പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
Post Your Comments