Latest NewsIndiaEntertainment

കാലു കൊണ്ട് നമസ്കരിച്ചു പ്രണവ്, പ്രണവിനെ ചേര്‍ത്ത് പിടിച്ച്‌ സ്റ്റൈല്‍ മന്നന്‍ രജനികാന്ത്

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തെ കാണാനെത്തിയത്.

ചെന്നൈ: മനസ്സില്‍ താലോലിച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ ത്രില്ലിലാണ് പ്രണവ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടിലെ സ്വീകരണ മുറിയിലാണ് അസുലഭമായ കൂടിക്കാഴ്ചയ്ക്ക് വേദിയായത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ വാര്‍ത്തകളില്‍ ഇടംനേടിയ ആലത്തൂര്‍ സ്വദേശി പ്രണവാണ്, വെള്ളിത്തിരയിലെ മുടിചൂടാമന്നന്റെ സ്‌നേഹസാമീപ്യത്തില്‍ ആഗ്രഹസാഫല്യം നേടിയത്.ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തെ കാണാനെത്തിയത്.

സ്‌റ്റൈല്‍ മന്നനെ കണ്ടപ്പോള്‍ പ്രണവ് ആദരവോടെ ‘കാല്‍കൂപ്പി’ ഷാളണിയിച്ചു.പ്രണവിനെ വരവേറ്റ രജനീകാന്ത് ചേര്‍ത്തു നിര്‍ത്തി ആലിംഗനം ചെയ്തു. ചിത്രകാരന്‍ കൂടിയായ പ്രണവ് കാല്‍കൊണ്ട് വരച്ച രജനിയുടെ ചിത്രം സമ്മാനിച്ചു. പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. രജനിയുടെ കടുത്ത ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താരത്തെ നേരില്‍ കാണുകയെന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രണവിന്റെ വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് രജനി പ്രണവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്.

അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും നല്‍കിയാണ് സ്റ്റെല്‍മന്നന്‍ പ്രണവിനെ യാത്രയാക്കിയത്.
രജനീകാന്തുമായുള്ള സമാഗമത്തിന് പിന്നിലും സിനിമയിലെന്നതു പോലൊരു നാടകീയതയുണ്ട്. മുന്‍പ് പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് കേരളത്തിലെന്ന പോലെ, തമിഴ്‌നാട്ടിലും വലിയ വാര്‍ത്തയായിരുന്നു. പ്രണവ് പിണറായിക്കു ‘ഷേക്ക് ലെഗ്’ നല്‍കുന്ന ചിത്രം തമിഴകത്തെ പല താരങ്ങളും സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെ, തമിഴ് വാരിക പ്രണവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഇതിലൊരു ചോദ്യത്തിന് ഉത്തരമായാണു രജനീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച രജനിയുടെ ഓഫിസില്‍ നിന്നു പ്രണവിനു കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമെത്തി. ഞായറാഴ്ച രാത്രിയാണു പ്രണവും കുടുംബവും പാലക്കാട്ടു നിന്നു തിരിച്ചത്.ആത്മീയ ഗുരു ബാബാജിയുടെ ചിത്രവും മധുരവും നല്‍കിയാണു അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം രജനി പ്രണവിനെ യാത്രയാക്കിയത്; ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും രജനികാന്ത് നല്‍കി.

പിതാവ് ബാലസുബ്രഹ്മണ്യം, അമ്മ സ്വര്‍ണ കുമാരി, സഹോദരന്‍ പ്രവീണ്‍ തുടങ്ങിയവര്‍ പ്രണവിനൊപ്പമുണ്ടായിരുന്നു. ചിറ്റൂര്‍ ഗവ.കോളജില്‍ നിന്നു ബികോം ബിരുദം നേടിയ പ്രണവ് പിഎസ്‌സി പരിശീലനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button