എടക്കര : ചരക്ക് ലോറി കുടുങ്ങി , 15 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.നാടുകാണി ചുരം പാതയിലാണ് ചരക്കുലോറി കുടുങ്ങിയത്. താഴെ നാടുകാണിക്കു സമീപം പോബ്‌സണ്‍ എസ്റ്റേറ്റ് ഗേറ്റിനു മുന്‍വശത്തെ വളവിലാണ് അടയ്ക്കാ ലോഡുമായി കേരളത്തില്‍നിന്നു ചുരം കയറിയെത്തിയ ലോറി കുടുങ്ങിയത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ പൂട്ടുകട്ട പതിക്കുന്നതിന് നിര്‍മാണ സാധനങ്ങള്‍ ഇറക്കിയിട്ടതിനാല്‍ അരികു ചേര്‍ത്ത് പോകുന്നതിനിടെ ഇടതുവശത്തെ ചക്രങ്ങള്‍ കുഴിയിലിറങ്ങി ലോറി കുടുങ്ങുകയായിരുന്നു. ഇതോടെ വാഹനങ്ങളുടെ നീണ്ട നിരയായി. ഇതിനിടെ വിവാഹപാര്‍ട്ടിയും സംഘവും ഗതാഗതകുരുക്കില്‍ അകപ്പെടുകയായിരുന്നു.
പെരുവഴിയിലായ വരനും ബന്ധുക്കളും കാല്‍നടയായി യാത്ര തിരിച്ചു വാഹനം മാറിക്കയറിപ്പോയി. തൃശൂര്‍ സ്വദേശിയായ വരനും അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമാണ് ലോറി കുടുങ്ങിയ സ്ഥലത്തുനിന്ന് 3 കിലോമീറ്ററോളം നടന്ന് നാടുകാണിയില്‍ എത്തി ടാക്‌സി വിളിച്ച് പോയത്. വധുവിന്റെ നാടായ ഊട്ടിയില്‍ 12.55ന് ആയിരുന്നു മുഹൂര്‍ത്തം. ഗതാഗതതടസ്സം തീര്‍ന്ന് മുഹൂര്‍ത്തത്തിന് എത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ടാക്‌സിയില്‍ പോയത്.
കുത്തനെ കയറ്റവും വളവുമുള്ള സ്ഥലമായതിനാല്‍ ലോറി മാറ്റാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മറുവശത്ത് സൗകര്യമൊരുക്കി എട്ടോടെ ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയെങ്കിലും ഏറെ കഴിയും മുന്‍പേ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ഇരുഭാഗത്തും കുരുക്കില്‍പെട്ട വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ നീണ്ടു. ഗതാഗതം നിയന്ത്രിക്കാന്‍ തമിഴ്‌നാട്, കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. വൈകിട്ട് അഞ്ചോടെയാണ് ലോറി നീക്കംചെയ്ത് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.
Post Your Comments