ചെന്നൈ : അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തമിഴ്നാട്ടിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമലൈ, തൂത്തുകുടി, രാമനാഥപുരം, തിരുനെൽവേലി എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 സെറ്റി മീറ്റിറിലധികം മഴ ഇവിടെ പെയ്തു. ചെന്നൈയിൽ ഉൾപ്പടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. ഒട്ടേറെ വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. വ്യാപക കൃഷിനാശമാണുണ്ടായത്. സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നുവെന്നാണ് റിപ്പോർട്ട്. വൃക്ഷങ്ങളും പാറകളും മണ്ണും റെയില്‍പാളത്തിലേക്ക് ഇടിഞ്ഞുവീണ് മേട്ടുപ്പാളയം-ഊട്ടി പര്‍വത ട്രെയിന്‍ സര്‍വിസ് രണ്ടു ദിവസത്തേക്ക് റദ്ദാക്കി. അണ്ണാ സര്‍വകലാശാല ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു.
അതേസമയം അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദവും രൂപപ്പെട്ടതിനാൽ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ന്യൂനമര്‍ദങ്ങളുടെ ഫലമായി കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നാളെ വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Post Your Comments