KeralaLatest NewsNews

ഒരുക്കങ്ങള്‍ പൂര്‍ണ്ണം, മേളയ്ക്കിനി മൂന്നുനാള്‍

ഇരുപതിനാലാമത് കേരളാ രാജ്യാന്തര ചലച്ചിത്ര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.12000 ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി.മിഡ്നെറ്റ് സ്‌ക്രീനിങ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക.ബാര്‍ക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്.അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും.ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.

സില്വനര്‍ സ്‌ക്രീന്‍ 4 k പ്രൊജക്ഷന്‍ സംവിധാനം ഉള്ള ഏക തിയേറ്ററായ ടാഗോറില്‍ 900 ലധികം സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൈരളി ,ശ്രീ,നിള എന്നിവയിലായി 1013 സീറ്റുകളും കലാഭവനില്‍ 410 സീറ്റുകളും ലഭ്യമാകും.സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍,ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.റിസര്‍വേഷന്‍ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ക്യൂ നില്കാതെ തന്നെ ഭിന്നശേഷിക്കാര്‍ക്കും എഴുപത് കഴിഞ്ഞവര്‍ക്കും തിയേറ്ററുകളില്‍ പ്രവേശനം ലഭിക്കും .ഭിന്നശേഷിക്കാര്‍ക്കായി തിയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 250 ഓളം വനിതാ വോളന്റിയര്‍മാരുടെ സേവനവും ലഭ്യമാകും.പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മിറ്റിക്കും അക്കാഡമി രൂപം നല്‍കിയിട്ടുണ്ട്.

ഇതിനകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഡെലിഗേറ്റുകള്‍ക്കുള്ള പാസ്സ് വിതരണം ഡിസംബര്‍ നാലിന് ആരംഭിക്കും.ഒഴിവുള്ള പാസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.1500 രൂപയാണ് എല്ലാ വിഭാഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുന്നത്.

shortlink

Post Your Comments


Back to top button