ബംഗളൂരു: മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷമാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മൈസൂരു പൊലീസ് ബിഷപ്പിനെതിരെ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്.
കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ നാലു സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചിട്ടുള്ളതെന്നും, ഇതില്‍ രണ്ടു കുട്ടികളുടെ പിതാവാണ് ബിഷപ്പെന്ന് പരാതിയും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയ അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കത്തോലിക്‌സ് (എ.ഒ.സി.സി) അംഗം റോബര്‍ട്ട് റോസാരിയോ പറയുന്നു.മൈസൂരുവിലെ വിവിധ ഇടവകയിലെ 37 വൈദികരാണ് നവംബര്‍ അഞ്ചിന് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, പെരുമാറ്റദൂഷ്യം, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളാണ് ബിഷപ്പിനെതിരെ ഉയര്‍ന്നിരുന്നത്. സംഭവത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെട്ട് ബിഷപ്പിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 37 വൈദികര്‍ കത്തെഴുതിയിരുന്നു.ഫാ. ലെസ് ലി മോറിസിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, തനിക്കും ഫാ. ലെസ് ലി മോറിസിനുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ബിഷപ്പ് കെ.എ. വില്യം പറയുന്നത്.
Post Your Comments