കൊച്ചി: തൊഴിലുടമയുടെ പീഡനം സഹിക്കാനാവാതെ മലയാളികൾ ഉൾപ്പെടെയുള്ള സംഘം യെമനിൽ നിന്ന് ബോട്ടുമായി കേരള തീരത്ത് എത്തി. മലയാളികളായ രണ്ടു പേരും തമിഴ്നാട് സ്വദേശികളായ ഏഴു പേരുമാണ് സംഘത്തിൽ ഉള്ളത്. കൂലി നൽകാതെ ഒരു വര്‍ഷത്തോളം അടിമപ്പണി തുടര്‍ന്നതോടെ ഇവര്‍ തൊഴിലുടമയുടെ ബോട്ടുമായി കേരളത്തിലേയ്ക്ക് കടക്കുകയായിരുന്നു. ലക്ഷദ്വീപ് തീരത്തു നിന്നു തന്നെ ഇവര്‍ എത്തുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് തീരസംരക്ഷണ സേനയുടെ സായുധസേനാംഗങ്ങള്‍ 75 മൈൽ അകലെ നിന്നു തന്നെ ബോട്ടിൽ പ്രവേശിച്ചു.
കൊച്ചി തുറമുഖത്തു നിന്ന് 117 നോട്ടിക്കൽ മൈൽ അകലെ കൽപ്പേനി ദ്വീപിനു സമീപത്തു വെച്ചാണ് തീരസേനയുടെ ഡോണിയര്‍ വിമാനം മത്സ്യത്തൊഴിലാളികളുടെ അൽ തിറായ 3 ബോട്ട് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തീരസേനയുടെ ഐസിജിഎസ് ആര്യമാൻ കപ്പൽ ബോട്ടിനു സമീപത്തേയ്ക്ക് അയയ്ക്കുകയായിരുന്നു.
ബോട്ടിൽ തന്നെയായിരുന്നു ഇവരുടെ താമസവും. ഒമാനിൽ ജോലി ശരിപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് മുൻപ് പരിചയമുള്ള ഒരു സ്പോൺസര്‍ തങ്ങളെ ഗള്‍ഫിനു കൊണ്ടു പോയതെന്നും എന്നാൽ തങ്ങള്‍ എത്തിപ്പെട്ടത് യെമനിലായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. 2018 ഡിസംബര്‍ 13നാണ് വിദേശജോലി സ്വപ്നം കണ്ട് മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്തു നിന്ന് തിരിച്ചത്. എന്നാൽ പത്തു മാസത്തിലധികമായി തങ്ങളെ ചൂഷണം ചെയ്ത തൊഴിലുടമ കൂലിയായി ഒന്നും നൽകിയിരുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
തിരുവനന്തപുരത്തു നിന്ന് വിമാനം കയറിയ ഇവര്‍ ഇറങ്ങിയത് ഷാര്‍ജയിലായിരുന്നു. ഇവിടെ ഒരു ബോട്ടിലായിരുന്നു പിന്നീട് ഒരു മാസത്തോളം താമസം. ഇവിടെ നിന്ന് ഒമാനിലേയ്ക്ക് കൊണ്ടു പോകുന്നുവെന്ന പേരിലാണ് തങ്ങളെ യെമനിലേയ്ക്ക് കടത്തിയതെന്നും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗം യെമനിലെത്തുകയായിരുന്നുവെന്നും രക്ഷപെട്ട് തിരിച്ചെത്തിയ സഹായ രവികുമാര്‍ പറഞ്ഞു. തിരുനെൽവേലി സ്വദേശിയാണ് ഇയാള്‍.
Post Your Comments