മുംബൈ: ‘മുദ്ര’ വായ്പകള്‍ തിരച്ചടവു മുടങ്ങി നിഷ്‌ക്രിയ ആസ്തിയായി മാറുന്നത് ആശങ്കാജനകമാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന്‍. ഇക്കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ‘സിഡ്ബി’യുടെ ദേശീയ മൈക്രോഫിനാന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പകള്‍ അംഗീകരിക്കുന്ന സമയത്തുതന്നെ അവ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം.
തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കുന്നത് കൃത്യമായി നിരീക്ഷിക്കുകയുംവേണം. ‘മുദ്ര’ പദ്ധതി നല്ലതാണ്. ഒട്ടേറെപ്പേരെ ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ അതുകൊണ്ടുകഴിഞ്ഞു. എന്നിരുന്നാലും ചില ആശങ്കകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാര്‍ഷികേതര ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പരമാവധി പത്തുലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണ് പദ്ധതി.
2018-’19 കണക്കുപ്രകാരം മുദ്ര വായ്പകളില്‍ 2.68 ശതമാനം നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുണ്ട്. 2017-’18 സാമ്പത്തികവര്‍ഷമിത് 2.52 ശതമാനമായിരുന്നു. ഒരു വര്‍ഷംകൊണ്ട് 0.16 ശതമാനം വര്‍ധന. അതേസമയം, 2016-’17 സാമ്പത്തികവര്‍ഷം 2.89 ശതമാനമായിരുന്നു മുദ്ര വായ്പകളിലെ നിഷ്‌ക്രിയ ആസ്തി. മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 18.26 കോടി മുദ്ര വായ്പകളില്‍ 36.3 ലക്ഷം അക്കൗണ്ടുകളില്‍ തിരിച്ചടവു മുടങ്ങിയിട്ടുണ്ട്.
Post Your Comments