ഒസാക്ക•ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപ സെമിനാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് കമ്പനികൾ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യവും അറിയിച്ചു. നീറ്റ ജലാറ്റിൻ ഡയറക്ടർ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്. ഒസാക്ക ചേംബർ ഓഫ് കോമേഴ്‌സ് ആൻറ് ഇൻഡസ്ട്രിയിൽ ഒസാക്ക-കോബിയിലെ കോൺസുലേറ്റ് ജനറലും കേരള സർക്കാരും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.
സെമിനാറിൽ ജപ്പാൻ വ്യവസായികൾ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ അഭിനന്ദിച്ചു. തങ്ങളുടെ ഇന്ത്യൻ ഫാക്ടറി എവിടെ വേണമെന്ന് പിതാവിന് തീരുമാനമെടുക്കേണ്ടി വന്നപ്പോൾ കേരളത്തെ തെരഞ്ഞെടുത്തു എന്നതിൽ സന്തോഷമുണ്ടെന്ന് ഹിരോഷി നിട്ട പറഞ്ഞു. ലോജിസ്റ്റിക്കിനനുഗുണമായ നല്ല തീരുമാനമായിരുന്നു അതെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ജപ്പാനും കേരളവും തമ്മിലുള്ള വ്യവസായ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. നിർമ്മാണ, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങൾ, മാർക്കറ്റിംഗ് ഹബ്ബുകൾ, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്‌നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, ആരോഗ്യ സംരക്ഷണം, കാർഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയിൽ സംരംഭകത്വവും സ്വകാര്യനിക്ഷേപവും നിർണായക പങ്കാണ് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യാവസായികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണെന്ന് നിട്ടയും ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്‌സ് കേരളയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫ്രാസ്‌കോ അഡ്വാൻസ്ഡ് ടെക്‌നോളജിയിലെ പ്രമുഖനുമായ ടോഹ്‌റു യസൂദയും അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിക്ഷേപിക്കാനുള്ള പ്രധാന കാരണം സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമാണെന്ന് യസൂദ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും വലിയ സാന്നിധ്യമായി മാറുന്നതിന് മനുഷ്യവിഭവം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായികൾക്കിടയിൽ കേരളത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കുന്നതായിരുന്നു സെമിനാർ. കേരളത്തിലെ തന്റെ കമ്പനിയുടെ അനുഭവത്തെക്കുറിച്ച് നിട്ടയിൽ നിന്ന് മനസ്സിലാക്കിയ എട്ട് വ്യവസായ സംരംഭകർ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞതായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പറഞ്ഞു. കോബേ-ഒസാക്കയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബി. ശ്യാം, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്തു.
കേരളത്തിലെ വ്യവസായ സാധ്യതകൾ ഡോ. കെ. ഇളങ്കോവൻ അവതരിപ്പിച്ചു. ഫിഷറീസ്, ഗതാഗത മേഖലയുടെ നിക്ഷേപസാധ്യത കെ.ആർ ജ്യോതിലാൽ വിവരിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് സംസാരിച്ചു.
വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
Post Your Comments