Latest NewsKeralaNews

മല കയറുമ്പോൾ തുല്യതാവാദം! തലയ്ക്കിട്ടു കൊട്ട് കിട്ടുമ്പോൾ സ്ത്രീവാദം! ഈ ഇരട്ടത്താപ്പ് ഇരവാദത്തെ ഏത് ഇസത്തിനൊപ്പം ചേർക്കണം എന്റെ അയ്യപ്പാ?

അഞ്‌ജു പാർവ്വതി പ്രഭീഷ്

തുല്യതാവാദവുമായി മതിലുകെട്ടാനിറങ്ങിയപ്പോൾ ആണും പെണ്ണും തുല്യശക്തികൾ! ആചാരം ലംഘിച്ച് മല ചവിട്ടാനിറങ്ങിയപ്പോഴും ആണും പെണ്ണും തുല്യർ! പക്ഷേ,കുരുമുളക് സ്പ്രേ തളിച്ചപ്പോൾ മാത്രം സ്ത്രീ ദുർബ്ബല, പുരുഷൻ ശക്തൻ.ഇരവാദത്തിന്റെ അപ്പോസ്തലന്മാർ ബിന്ദു അമ്മിണിക്ക് കുടപ്പിടിക്കാൻ ഇറങ്ങിയിട്ടുണ്ട്.

ടി.പി.ചന്ദ്രശേഖറിന്റെ വിധവ രമയെ അറഞ്ചം പുറഞ്ചം തെറി വിളിച്ചപ്പോൾ സ്ത്രീയെന്ന പരിഗണന വേണ്ടേ വേണ്ട!ജിഷ്ണു പ്രാണോയിയുടെ അമ്മ മഹിജയ്ക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞപ്പോൾ സ്ത്രീയെന്ന വാക്കിന് പടിക്ക് പുറത്തായിരുന്നു സ്ഥാനം! ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയ്ക്കെതിരെ അപവാദപ്രചരണങ്ങൾ പടച്ചു വിടുമ്പോഴും സ്ത്രീവാദം കണ്ടതേയില്ല!വാളയാറിൽ തൂങ്ങിയാടിയ പിഞ്ചുശരീരങ്ങൾക്കെതിരെയും അവരുടെ അമ്മയ്ക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും ആർക്കും നൊന്തില്ല!രാഷ്ട്രീയമേലാളന്മാരുടെ നാവിൽ നിന്നും പലപ്പോഴായി താടക,പൂതന,മറ്റേപ്പണി,കതകടയ്ക്കൽ പരാമർശങ്ങൾ വന്നപ്പോഴും പ്രതിഷേധങ്ങൾ കണ്ടില്ല.

ഇപ്പോൾ ബിന്ദു അമ്മിണിയെന്ന സ്ത്രീയ്ക്കെതിരെ നടന്ന സ്പ്രേ പ്രയോഗം കണ്ടപ്പോൾ മാത്രം സ്ത്രീവാദ -ഇരവാദം വീണ്ടും തലപ്പൊക്കിയിരിക്കുന്നു! അയാൾ അവരുടെ മുഖത്തേയ്ക്ക് സ്പ്രേ ചെയ്തത് അവരുടെ വീട്ടിൽ ചെന്നിട്ടല്ല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ക്രമസമാധാന നില ഏറ്റവും സങ്കീർണ്ണമായി തീർന്നേക്കാവുന്ന ഒരു വിഷയത്തിലേയ്ക്ക് വരുംവരായ്കകൾ എല്ലാമറിഞ്ഞിട്ട് കയറി ഇടപ്പെട്ടപ്പോഴാണ്.ഭക്തി മൂത്തല്ല ഇവരെപ്പോലുള്ള ആക്റ്റിവിസ്റ്റുകൾ അവിടേയ്ക്ക് പോകാനൊരുങ്ങുന്നതെന്ന് പകൽ പോലെ വ്യക്തമായിരുന്നിട്ടും ഇവരെ പിന്താങ്ങുന്നവരോട് യോജിക്കാനാവില്ല.പുരുഷന്റെ കൈയ്യൂക്കിനു മുന്നിൽ സ്ത്രീ ഒന്നുമല്ലെന്ന് അലമുറയിടുന്ന അമ്മിണിഫാൻസിനു പക്ഷേ ശബരിമല വിട്ടൊരു കളിയുമില്ല.മല കയറുമ്പോൾ തുല്യതാവാദം,തലയ്ക്കിട്ടു കൊട്ട് കിട്ടുമ്പോൾ സ്ത്രീവാദം!

ഭരണഘടനാ ദിവസമായ ഇന്ന് ബിന്ദു അമ്മിണിക്ക് നേരിട്ട ആക്രമണത്തെ ഭരണഘടനയുമായി ബന്ധപ്പെടുത്തി പൗരസ്വാതന്ത്ര്യത്തെ ഹനിച്ചതായി പലയിടത്തും എഴുതി കണ്ടു. ഭരണഘടന എഴുതുന്നതിന് അയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തുടര്‍ന്ന് വരുന്ന ഹൈന്ദവ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്‌കരിക്കപ്പെടണമെങ്കില്‍ അതിന് ഹൈന്ദവ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള അംഗീകാരം ആവശ്യമാണ്. വിശ്വാസവും നിയമവും രണ്ട് വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ് അവരുടെ ആരാധനാ ക്രമങ്ങള്‍ നടത്തേതെന്ന് ഭരണഘടനയില്‍ പറയുന്നില്ല, മറിച്ച് മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നല്‍കുന്നത് .വിശ്വാസവും നിയമവും രണ്ട് വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. വിശ്വാസം മനുഷ്യനും അവന്‍ വിശ്വസിക്കുന്ന, അവന്റെ സങ്കല്പത്തിലുള്ള ഈശ്വരനുമായുള്ള വ്യവഹാരത്തെ നിഷ്‌കര്‍ഷിക്കമ്പോള്‍, നിയമം മനുഷ്യനും സമൂഹവുമായുള്ള വ്യവഹാരത്തെയാണ് നിഷ്‌കര്‍ഷിക്കുന്നത്. ഓരോ മതവിഭാഗവും അവരുടെ ആരാധനാക്രമങ്ങള്‍ എങ്ങനെയാണ് നടത്തേണ്ടത് എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മറിച്ച് ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും ആ മതവിശ്വാസമനുസരിച്ച് ആരാധന നടത്താനുമുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ശബരിമലയിലെ ആചാരങ്ങളും ഇത്തരത്തില്‍ വേണം കാണാന്‍.എന്നിട്ടും അവിടെ ആക്ടിവിസ്റ്റുകൾക്ക് കയറിയിറങ്ങി തങ്ങളുടെ താന്തോന്നിത്തരം കാട്ടാനുള്ള സ്ഥലമാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ വിശ്വാസികൾ കൈയും കെട്ടി നോക്കി നില്ക്കണമോ? ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ആക്റ്റിവിസത്തെ ജയിപ്പിക്കാൻ അനുവദിക്കുമ്പോൾ സമൂഹത്തിൽ അരാജകത്വമല്ലേ ഉണ്ടാവുന്നത്.

വിലക്കപ്പെട്ട അമ്പലങ്ങളിലും ദര്‍ഗ്ഗകളിലും പ്രവേശനം നേടിക്കൊടുത്താല്‍ അത് കൊണ്ട് സ്ത്രീകള്‍ക്ക് എന്ത് ഉന്നമനം?ആ പ്രവേശനം കൊണ്ട് ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന സ്ത്രീകള്‍ക്ക് എന്ത് നേട്ടം?ഈ സ്ത്രീതുല്യതാവാദം എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് ആയിക്കൂടാ ? എന്തിനു വിശ്വാസങ്ങള്‍ക്ക് മേല്‍ കടിഞ്ഞാണിട്ടുവലിക്കുന്നു.? ഈ തുല്യതാവാദം എന്തുകൊണ്ട് സ്ത്രീകള്‍ക്കായി പ്രത്യേക മൂത്രപ്പുരയെന്ന ആശയത്തിന് കൊടുക്കുന്നില്ല ?സ്ത്രീകള്‍ക്കായി പ്രത്യേക ബസ്‌ സര്‍വീസ്,അഥവാ പ്രത്യേക ട്രെയിന്‍ കോച്ചുകള്‍ തുടങ്ങിയവയ്ക്കായി പോരാടുന്നില്ല ?

ശബരിമലയിൽ ഏതുനിലയിലാണ് സ്ത്രീക്ക് തുല്യതയില്ലാതെയാകുന്നത്?ശബരിയെന്ന ഭക്തയുടെ പേരിലുള്ള തീർത്ഥാടനകേന്ദ്രത്തിൽ ഭക്തകൾക്ക് പ്രായത്തിലധിഷ്ഠിതമായ വിലക്ക് പരിമിതനിയന്ത്രണത്തിനുള്ള പ്രായോഗികരീതി മാത്രമല്ലേ,അവിടെ തുല്യത ചോദ്യം ചെയ്യപ്പെടുന്നില്ലല്ലോ.ശ്രീ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലല്ലാത്ത ശാസ്താക്ഷേത്രങ്ങളിലെല്ലാം ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ടല്ലോ.ലിംഗപരമായ തുല്യത ഇത്തരം ക്ഷേത്രങ്ങളിലൂടെ സംരക്ഷിക്കുന്ന ഹൈന്ദവസമൂഹത്തെ കേവലമൊരു ശബരിമല ചൂണ്ടിക്കാട്ടി സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുന്നത് ഏത് അജണ്ടയുടെ ഭാഗമായാണ്.?നവോത്ഥാന നായികമാർക്കാർക്കും ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്ത് കാണണമെന്നില്ല.ആര്‍ത്തവത്തെ ആഘോഷമാക്കുന്ന അമ്പലത്തിന്റെ ഏഴയലത്ത് പോകാൻ ഇവറ്റകൾ മിനക്കെടാറില്ലല്ലോ. പാര്‍വതിദേവിക്ക് ആര്‍ത്തവമാകുന്നുവെന്ന സങ്കല്പത്തില്‍ ദേവിക്ക് തൃപ്പൂത്ത് ആയിയെന്ന ആഘോഷം തുടങ്ങുന്ന ഇവിടെ അയ്യപ്പഭക്തിയാലുഴറുന്ന ആക്ടിവിസ്റ്റ് അമ്മായിമാർക്ക് തോന്നാത്തതെന്താ? അതുപോലെ തന്നെ മണ്ണാറശാലയിലെ അമ്മ പൂജാരിണിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല സ്ത്രീപക്ഷവാദികൾ.
പ്രശസ്തമായ നാഗക്ഷേത്രത്തിലെ അമ്മ പൂജാരിണിയാണ് നാഗങ്ങളുടെ അമ്മ എന്ന സങ്കല്പത്തില്‍ ഇവിടെ എല്ലാ പൂജകളും ചെയ്യുന്നത്.അവിടെയൊന്നും കാലുകുത്തി ശക്തി തെളിയിക്കണമെന്നും അഭിമാനിക്കപ്പെടണമെന്നും ബിന്ദു അമ്മിണിമാർക്ക് തോന്നാത്തതെന്താണ്?

ഇനി ഞങ്ങള്‍ യഥാർത്ഥ വിശ്വാസികളായ സ്ത്രീകളെക്കുറിച്ച്   രണ്ടു വാക്ക്.ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത് കൊണ്ട് മാത്രം ജീവിതം വഴിമുട്ടി പോയ സ്ത്രീകള്‍ ഇവിടെയില്ല..ഞങ്ങള്‍ വിശ്വാസികളായ  സ്ത്രീകള്‍ക്ക് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ഈ വിലക്ക് കൊണ്ട് നാളിതുവരെയും ഒരു ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടില്ല.അതിന്റെ പേരില്‍  സമൂഹത്തില്‍ താഴ്ന്നവളായി തോന്നിയിട്ടില്ല.സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിക്കെപ്പെട്ടുവെന്ന് എങ്ങനെ പറയാന്‍ കഴിയും?പത്തുവയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവവിരാമമായ സ്ത്രീകള്‍ക്കും ഇവിടെ പ്രവേശനം ഉണ്ടല്ലോ.പിന്നെങ്ങനെ അതൊരു നിഷേധമാവും ?പിന്നെ യുവതികളായ എന്നെ പോലുള്ള വിശ്വാസികള്‍ക്ക് ഇതിന്റെ പേരില്‍ യാതൊരു സങ്കടവുമില്ല.കാരണം എട്ടാമത്തെ വയസ്സില്‍ ശബരിമലയില്‍ പോയി  അയ്യപ്പനെ കണ്ടിട്ടുള്ള എനിക്ക് അയ്യപ്പനെ കാണണമെങ്കില്‍ ഒന്ന് കണ്ണടച്ചാല്‍ മതി.അതൊരു വിശ്വാസമാണ്.ഭക്തി കൊണ്ട് ആത്മാവില്‍ അടിയുറച്ചുപോയ വിശ്വാസം.

ഒരു സ്ത്രീക്കെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതിനു പകരം അതിനെ പിന്തുണയ്ക്കാൻ എങ്ങനെ തോന്നുന്നുവെന്ന അമ്മിണിഫാൻസ് അസോസിയേഷൻ മെമ്പേഴ്സിന്റെ ചോദ്യത്തിനു തരാനുള്ള ഉത്തരം ഇത്രമാത്രംവേലിയിൽ ചുമ്മാതെ കിടന്ന പാമ്പിനെ തോണ്ടിയെടുത്ത് കഴുത്തിലിട്ട് കൊത്ത് വാങ്ങിയിട്ട് വലിയ വായിൽ മോങ്ങുന്നതിനോട് സഹതാപം തീരെയില്ല.

shortlink

Related Articles

Post Your Comments


Back to top button