വയനാട് : സുൽത്താൻബത്തേരിയിൽ സര്‍വജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും ഭീഷണിയെന്നു പരാതി. ബാലാവകാശ കമ്മീഷനിൽ വിദ്യാർഥികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് ഭീഷണി. നാട്ടുകാരിൽ ചിലര്‍ തന്നെയാണ് ഇവരെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഷഹ്‌ലയുടെ മരണത്തില്‍ സഹപാഠികളും, കൂട്ടുകാരികളുമായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയത്.
Also read : ഏഴുവയസുകാരന്റെ മരണം: ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡിജിപി വിളിച്ച യോഗം ഇന്ന്
അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്നും, കൂട്ടുകാരി മരിച്ചപ്പോൾ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് ആരും പറഞ്ഞുതന്നിട്ടല്ലെന്നും ഷഹലയുടെ കൂട്ടുകാരി വിസ്മയ പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു. സ്കൂളിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നു ഭീഷണിപ്പെടുത്തിയവര്‍ ആരോപിച്ചതായി വിസ്മയയുടെ അച്ഛൻ രാജേഷ് പറഞ്ഞു. മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്കൂളിനെ തകര്‍ക്കാനാണ് ശ്രമമെങ്കിൽ, ചാനലുകാര്‍ ഇന്നല്ലെങ്കിൽ നാളെയങ്ങ് പോകും. പിന്നീട് നിങ്ങൾ അനുഭവിക്കും എന്നായിരുന്നു ഭീക്ഷണിപ്പെടുത്തൽ. താൻ പറഞ്ഞുകൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് സംസാരിച്ചത്. മകളെ കുറിച്ച് അഭിമാനമേയുള്ളൂ എന്നും, ഷഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്നും രാജേഷ് പറഞ്ഞു.
അതേസമയം സർവജന സ്‌കൂളിൽ അദ്ധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. ബത്തേരി നഗരസഭ വൈകീട്ട് 5 മണിക്ക് ചേരുന്ന സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Post Your Comments