ബത്തേരി: ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹലയുടെ വീട് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. സർവജന ഹൈസ്കൂളിലും മന്ത്രി സന്ദർശനം നടത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ മന്ത്രി വി എസ് സുനിൽ കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷെഹലയുടെ വീട്ടിലെത്തുന്നുണ്ട്. സംഭവത്തിൽ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരൻ, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനൻ, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ALSO READ: വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവം; സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ
സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്കൂൾ പ്രിൻസിപ്പാളിനെയും ഹൈസ്കൂൾ ചുമതലയുള്ള വൈസ് പ്രിൻസിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
Post Your Comments