തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹർജികൾ 7 അംഗ ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ, തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന സർക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതി വിടാനൊരുങ്ങി കെപിഎംഎസ്. ജനറൽ കൗൺസിൽ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി പുന്നല ശ്രീകുമാർ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു.
സമിതിയിലെ പ്രധാന സംഘടനയായ കെപിഎംഎസിന്റെ ഇന്നലെ ചേർന്ന ജനറൽ കൗൺസിലാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച ശേഷം സമിതി വിടണമെന്ന തീരുമാനത്തിലെത്തിയത്. ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ സ്ഥാനമില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനകളിലടക്കം വലിയ എതിർപ്പാണ് കെപിഎംഎസ്സിന്റെ ഭാഗത്തു നിന്നും ഉയർന്നത്. യുവതീ പ്രവേശന വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാണ് സംഘടന പ്രധാന വിമർശനം. പുന്നലക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ടെന്നായിരുന്നു സമിതി പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.
Also read : തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും അടിയന്തര ചികിത്സാ സഹായവും നൽകി അഖിലഭാരത അയ്യപ്പസേവാ സംഘം
നവോത്ഥാന സമിതി ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സംഘടനയും സമിതി വിടുമെന്ന് പ്രഖ്യാപിച്ചത് സർക്കാരിനു തിരിച്ചടിയായി മാറും. കെപിഎംഎസ് നിലപാട് പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കിയേക്കും. അതേസമയം കെപിഎംഎസ്സിന്റെ തീരുമാനം സമ്മർദ്ദ നീക്കമായാണ് സിപിഎം കാണുന്നത്. മുഖ്യമന്ത്രിയുമായുള്ള കെപിഎംഎസ് പ്രതിനിധികളുടെ ചർച്ചയോടെ സംഘടനയുടെ ആശയക്കുഴപ്പം മാറുമെന്ന നിലപാടിലാണ് പാർട്ടി നേതാക്കൾ.
Post Your Comments