കൂത്തുപറമ്പ്: കോളജില്‍ നിന്നു ചിക്ക്മംഗളൂരുവിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി അണുബാധയെത്തുടര്‍ന്നു മരിച്ചു. കണ്ണൂര്‍ എസ്‌എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് തള്ളോട്ട് ശ്രീപുരത്തില്‍ എന്‍.ആര്യശ്രീ (21) ആണു അണുബാധയെ തുടര്‍ന്ന് മരിച്ചത്. ഹൃദയ പേശികളെ ബാധിക്കുന്ന വൈറല്‍ മയോകാര്‍ഡൈറ്റിസ് എന്ന അണുബാധയാണു മരണ കാരണമെന്നാണു വിവരം.
ആര്യശ്രീ ഉള്‍പ്പെടെ 54 വിദ്യാര്‍ഥികളുടെ സംഘം കോളേജില്‍ നിന്നും കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. യാത്ര കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ കടുത്ത പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ആര്യ ശ്രീക്കൊപ്പം വിനോദയാത്ര പോയ 38 കുട്ടികളെയും നിരീക്ഷണത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.ശരീരവേദന, പേശീവലിവ്, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ കോളജിലെ മൂന്നും സ്‌കൂളിലെ രണ്ടും കുട്ടികളെ നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്കു മാറ്റി. ഇവരുടെ രക്ത, ഉമിനീര്‍ സാംപിളുകള്‍ മണിപ്പാലിലെയും ആലപ്പുഴയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു.
ബാക്കിയുള്ളവരെ പരിശോധനയ്ക്കുശേഷം വീട്ടിലേക്കു മടക്കിയയച്ചു. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ എട്ടിനു പന്തക്കപ്പാറ വാതക ശ്മശാനത്തില്‍ സംസ്‌കരിക്കും.കോളജിലെ 48 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘം കഴിഞ്ഞ 15നാണു കര്‍ണാടകയിലെ ചിക്കമംഗളൂരുവിലേക്കു യാത്ര തിരിച്ചത്
Post Your Comments