ദുബായ്: 48-ാമത് ദേശീയദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ.) അറിയിച്ചു.യു.എ.ഇ. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയെല്ലാം ആഘോഷത്തിന്റെ ഭാഗമാക്കും. ആഘോഷപരിപാടികളില്‍ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്ത്വത്തിന് പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് ഡി.എഫ്.ആര്‍.ഇ. സി.ഇ.ഒ. അഹമ്മദ് അല്‍ഖജ പറഞ്ഞു. പ്രാദേശിക താരങ്ങള്‍ അണിനിരക്കുന്ന പരിപാടികള്‍ ഉള്‍പ്പെടെ പരമ്പരാഗത കലാരൂപങ്ങളും കരിമരുന്നു പ്രയോഗവുമടക്കം വന്‍ ആഘോഷപരിപാടികള്‍ക്കാണ് രാജ്യമൊരുങ്ങുന്നത്.
പൊതുജനങ്ങള്‍ക്ക് ചില പരിപാടികള്‍ കാണാനുള്ള ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴി ലഭ്യമാകും. അനുസ്മരണദിനമായ 30-ന് ആഘോഷപരിപാടികള്‍ ഉണ്ടാകില്ല. ഡിസംബര്‍ ഒന്നിനും രണ്ടിനും ലാമെര്‍ ദുബായില്‍ രാത്രി 8.30-നും ഡിസംബര്‍ രണ്ടിന് ദി പോയന്റ്, അല്‍സീഫ് എന്നിവിടങ്ങളില്‍ രാത്രി എട്ട് മണിക്കും, ദി ബീച്ച്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ രാത്രി ഒമ്പത് മണിക്കും കരിമരുന്ന് പ്രയോഗം നടക്കും.ബാല്‍ക്കീസ്, ഹുസൈന്‍ അല്‍ജാസ്മി, ഹമദ് അല്‍ അമ്രി, ഈദ അല്‍ മെന്‍ഹാലി, മുഹമ്മദ് അല്‍ഷെഹി എന്നിവരുള്‍പ്പെടെ യു.എ.ഇ.യിലെ പ്രാദേശികതാരങ്ങള്‍ അണിനിരക്കുന്ന സംഗീതപരിപാടി ആസ്വാദകര്‍ക്ക് തത്സമയം ആസ്വദിക്കാം.
പ്രവേശനം സൗജന്യമാണ്. ലാമെറിലും അല്‍ സീഫിലും 29, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സംഗീതപരിപാടികള്‍ അരങ്ങേറും.27, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ദുബായ് വിമാനത്താവളങ്ങളില്‍ ആഘോഷ പരിപാടികളുണ്ടാകും. ടെര്‍മിനല്‍ മൂന്നില്‍ 27-ന് സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കും. തുടര്‍ന്ന് ഇമറാത്തി കുട്ടികളുടെ പരമ്പരാഗത നൃത്തങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറും. ഡിസംബര്‍ ഒന്നിനും രണ്ടിനും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും പരമ്പരാഗത ബാന്‍ഡ് അവതരിപ്പിക്കും.
ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക എല്‍.ഇ.ഡി. ലൈറ്റ് ഷോയും ദുബായ് ഫൗണ്ടനില്‍ പ്രത്യേക ഷോകളും വൈകീട്ട് ആറുമണിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് നടക്കും.ഡിസംബര്‍ 31 വരെ ഇത്തിഹാദ് മ്യൂസിയത്തില്‍ ഫൗണ്ടിങ് ഫാദേഴ്‌സ് എക്സിബിഷന്‍ നടക്കും. യു.എ.ഇ.യുടെ സമ്പന്നപാരമ്പര്യത്തെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനമായിരിക്കും പ്രധാന ആകര്‍ഷണം. യു.എ.ഇ ചരിത്രത്തിലെ സുപ്രധാന കാലഘട്ടങ്ങളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രദര്‍ശനമായിരിക്കുമത്.
Post Your Comments