നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാനസർവീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും. 10 വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണിപ്പോൾ നടക്കാൻ പോകുന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. ടാക്സിവേ ഉൾപ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സർവീസിനു സജ്ജമാക്കും.
നവീകരണത്തിന്റെ ഭാഗമായി എയർഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ, കുവൈത്ത് എയർവേയ്സിന്റെ കുവൈത്ത് സർവീസുകൾ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സർവീസുകൾ രാവിലെ പത്തിനു മുൻപോ വൈകിട്ട് ആറിനു ശേഷമോ ആക്കി. സ്പൈസ്ജെറ്റിന്റെ ഒരു ചെന്നൈ സർവീസ്, എയർ ഇന്ത്യയുടെയും ഒരു ചെന്നൈ സർവീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സർവീസ്, അലയൻസ് എയറിന്റെ മൈസൂരു സർവീസ്, സ്പൈസ്‌ജെറ്റിന്റെ മാലദ്വീപ് സർവീസ് എന്നിവ റദ്ദാക്കിയിട്ടുണ്ട്.
Post Your Comments