കോഴിക്കോട്•മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്ന കാര്യത്തില്‍ കേരളത്തിലെ സി.പി.എം സംഘപരിവാരത്തിന്റെ തനിപ്പകര്‍പ്പായി മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. മാവോവാദികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പേരില്‍ എന്‍.ഡി.എഫിനെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഭരണകൂട ഭീകരതയും ഭരണപരാജയവും മറച്ചുവയ്ക്കാന്‍ മുസ്‌ലിം തീവ്രവാദമെന്ന് പഴിപറയുന്നത് പാഴ്‌വേലയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയില്‍ സി.പി.എം പ്രതിനിധാനം ചെയ്യുന്ന ഇടതുപ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുതന്നെയാണ് മാവോവാദം പോലുള്ള ആശയങ്ങള്‍ വളര്‍ന്നു വികസിച്ചിട്ടുള്ളത്. സ്വന്തം പ്രവര്‍ത്തകര്‍ മാവോവാദത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ അത് ചെറുക്കാനുള്ള ബാധ്യത സി.പി.എമ്മിനു തന്നെയാണുള്ളത്. മാവോവാദവുമായി ബന്ധപ്പെട്ട ആശയവ്യതിയാനം സ്വന്തം അണികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനു പകരം, മുസ്‌ലിം തീവ്രവാദം ഉന്നയിച്ച് യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ ആശയപാപ്പരത്തമാണ് തെളിയിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ് അവരേക്കാള്‍ മുമ്പ് സി.പി.എം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗെയില്‍ വിരുദ്ധസമരത്തിന്റെ പേരില്‍ മുസ്‌ലിംകളെ ഏഴാംനൂറ്റാണ്ടിലെ പ്രാകൃത സംസ്‌കാരം വച്ചുപുലര്‍ത്തുന്നവരായി ആക്ഷേപിച്ചതും ഇരുപതുവര്‍ഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്ന മുഖ്യമന്ത്രിയായിരുന്ന സമയത്തെ വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ആര്‍.എസ്.എസ് നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ മാശാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച് മുസ്‌ലിംകളുടെ മേല്‍കെട്ടിവയ്ക്കാന്‍ ശ്രമിച്ചവരാണ് സി.പി.എം. അങ്ങനെയുള്ള സി.പി.എമ്മിന് മാവോവാദത്തെ ആശയപരമായി വിമര്‍ശിക്കാന്‍ ധാര്‍മികമായ അവകാശം ഇല്ല.
പി മോഹനന്റെ പരാമര്‍ശങ്ങളെ പിന്തുണച്ച് ബി.ജെ.പി നേതൃത്വം രംഗത്തുവന്നത് മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സി.പി.എം സംഘപരിവാരവുമായി എത്രത്തോളം അടുത്തുനില്‍ക്കുന്നുവെന്നതിന്റെ വ്യക്തമാണ് തെളിവാണ്. കോഴിക്കോട് മാവോവാദം ആരോപിച്ച് അറസ്റ്റു ചെയ്ത രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതില്‍ പോപുലര്‍ ഫ്രണ്ടിന് വിയോജിപ്പുണ്ട്. പൗരാവകാശത്തെ ഹനിക്കുന്ന ഭീകര നിയമമായ യു.എ.പി.എ പിന്‍വലിക്കണമെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിത നിലപാട്. യു.എ.പി.എക്കെതിരേ അനിവാര്യമായ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും സംഘടന തുടരും. ഇക്കാര്യത്തില്‍ സി.പി.എം കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച നിലപാടിന് വിരുദ്ധമായാണ് പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ആഭ്യന്തരവകുപ്പിന്റെ നടപടികളെ സ്വന്തം പാര്‍ട്ടി നേതൃത്വത്തെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാതെ വന്നതോടെയാണ് ആര്‍.എസ്.എസിനെ വെല്ലുന്ന ഹിന്ദുത്വ സമീപനവുമായി സി.പി.എം ജില്ലാ നേതൃത്വം രംഗത്തുവന്നിരിക്കുന്നതെന്നും അബ്ദുല്‍ സത്താര്‍ കുറ്റപ്പെടുത്തി.
Post Your Comments