ടെല്‍ അവീവ്: അവസാന വിസിലിനു അരികിലെത്തി നിൽക്കേ കിട്ടിയ പെനാൽറ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ യുറഗ്വായ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇസ്രായേലില്‍ വച്ച് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2-2-നാണ് ശക്തരായ രണ്ട് ലാറ്റിനമേരിക്കന്‍ ശക്തികളുടെയും പോരാട്ടം സമനിലയിൽ കലാശിച്ചത്.
34-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ യുറഗ്വായാണ് ആദ്യം ലീഡ് നേടിയത്. ലുകാസ് ടൊറീറ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് സുവാരസ് കവാനിയിലേക്കെത്തിക്കുകയായിരുന്നു. ക്ലോസ് റേഞ്ചിലൂടെ കവാനിയുടെ ഒരു തീപ്പൊരി, അർജന്റീനയുടെ വലകുലുങ്ങി. തന്റെ അമ്പതാം അന്താരാഷ്ട്ര ഗോള്‍ സ്വന്തമാക്കുകയായിരുന്നു കവാനി.
ആദ്യ പകുതിക്ക് മുമ്പ് അര്‍ജന്റീനയുടെ പൗളോ ഡിബാല ഗോൾ നേടിയെങ്കിലും, റഫറി ഹാന്‍ഡ് ബോളാണെന്ന് കണ്ടെത്തിയതോടെ ആരാധകർ നിരാശരായി. പിന്നാലെ, 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെയായിരുന്നു അര്‍ജന്റീന സമനില ഗോള്‍ നേടിയത്. മെസ്സിയുടെ അളന്നുമുറിച്ച ഫ്രീകിക്കിന് തലവയ്ക്കുക മാത്രമേ അഗ്യൂറോ ചെയ്യേണ്ടിവന്നുള്ളു.
എന്നാല്‍ അഞ്ച് മിനിറ്റ് കഴിയവേ, 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് അത്യുഗ്രന്‍ ഫ്രീകിക്കിലൂടെ യുറഗ്വായെ വീണ്ടും മുന്നിലെത്തിച്ചു. കളി 90 മിനിറ്റും കഴിഞ്ഞു എക്സ്ട്രാ ടൈമിലേക്ക് എത്തിയിരുന്നപ്പോഴായിരുന്നു, അര്ജന്റീനയ്ക്കനുകൂലമായ പെനാൽറ്റിയിലൂടെ മെസ്സിയുടെ ഗോൾ പിറന്നത്. ബോക്‌സില്‍ വെച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിനാണ് പെനാല്‍റ്റി ലഭിച്ചത്. വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മെസി രണ്ട് അന്താരാഷ്ട്ര മത്സരത്തിലും ഗോള്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെതിരെ മെസ്സി നേടിയ ഏക ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം.
Post Your Comments