തിരുവനന്തപുരം: അബുദാബിയില്‍ ഇന്ദ്രജാല പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരായ എം പവര്‍ ടീം അംഗങ്ങളായ ഭിന്നശേഷി കുട്ടികള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ യാത്രയയപ്പ് നല്‍കുന്നു. നവംബര്‍ 20-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നിയമസഭാ മന്ദിരത്തിലുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് യാത്രയയപ്പ് നല്‍കുന്നത്. അബുദാബിയില്‍ നവംബര്‍ 21 നാണ് ഈ കുട്ടികള്‍ മാജിക് പരിപാടി അവതരിപ്പിക്കുന്നത്. അബുദാബിയിലെ ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Read also:അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട : ഏഷ്യക്കാര്‍ അറസ്റ്റില്‍
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും മാജിക് അക്കാദമിയും സംയുക്തമായാണ് കഴക്കൂട്ടം മാജിക്ക് പ്ലാനറ്റില്‍ എം പവര്‍ സെന്റര്‍ സ്ഥാപിച്ചത്. ഇവിടെ മാജിക് അവതരണം നടത്തുന്ന വിഷ്ണു, പി.ആര്‍. രാഹുല്‍, രാഹുല്‍, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നീ കുട്ടികളാണ് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അബുദാബിയിലേയ്ക്ക് യാത്ര തിരിക്കുന്നത്. മാജിക് പ്ലാനറ്റില്‍ ഈ കുട്ടികളുടെ മാജിക് അവതരണം ആയിരത്തിലധികം വേദികള്‍ പിന്നിടുകയും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടികളെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിക്കും അബുദാബിയാത്ര.
Post Your Comments