ന്യൂഡല്‍ഹി: ലഡാക്കിനായി ഒരുങ്ങുന്നത് 50,000 കോടി രൂപയുടെ പദ്ധതികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുതായി നിലവില്‍ വന്ന കേന്ദ്ര ഭരണ പ്രദേശമാണ് ലഡാക്ക്. ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ പുതുതായി ആരംഭിച്ച വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിട്ട് എത്താന്‍ കഴിയതിരുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലായാണ് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുക നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളായ ലേ, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ഡീസല്‍ വില്‍പ്പന നടത്തുക. ആദ്യമായാണ് രാജ്യത്ത് വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന ആരംഭിക്കുന്നത്. അമേരിക്ക, യൂറോപ്പ് , യുറേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ വിന്റര്‍ ഗ്രേഡ് ഡീസല്‍ ഉപയോഗിക്കുന്നത്.
അതി കഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയുമാണ് ശൈത്യകാലത്ത് ലഡാക്കിലെ ലേ , കാര്‍ഗില്‍ എന്നീ പ്രദേശങ്ങളില്‍ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ശൈത്യ കാലത്ത് സാധാരണ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് വിന്റര്‍ ഗ്രേഡ് ഡീസല്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Post Your Comments