പുനെ•നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ, ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഖേദ് ശിവാപൂരിൽ 38 കാരനായ സൈനികന്റെ മൃതദേഹം കണ്ടെത്തിയതിന് അഞ്ച് ദിവസത്തിന് ശേഷം ജവാന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്ഗഡ് പോലീസിന്റെ അന്വേഷണത്തിലാണ് ജവാൻ സഞ്ജയ് ഭോസാലെയുടെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്. നവംബർ 7 ന് ഭോസാലെ തന്റെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ശീതള്‍ സയനൈഡ് അടങ്ങിയ വെള്ളം കുടിക്കാന്‍ നല്‍കുകയായിരുന്നു. ഭോസാലെ മരിച്ചയുടനെ, ശീതളിന്റെ കാമുകന്‍ യോഗേഷ് ഖദം (29), അയാളുടെ കൂട്ടാളികളായ മനീഷ് മദാനെ (28), രാഹുൽ കാലെ (35) എന്നിവരും ചേര്‍ന്ന് മൃതദേഹം പൂനെ-ബെംഗളൂരു ഹൈവേയിലെ ബൈപാസില്‍ വലിച്ചെറിയുകയായിരുന്നു.
അസിസ്റ്റന്റ് ഇൻസ്പെക്ടർ ദത്താത്രേയ ദാരഡെയുടെ നേതൃത്വത്തിലുള്ള രാജഗഡ് പോലീസ് സംഘം നാലുപേരെയും അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണത്തിനായി കേസ് വാകാഡ് പോലീസിന് കൈമാറിയതായി പോലീസ് അറിയിച്ചു.
നവംബർ എട്ടിന് വൈകുന്നേരം 5 മണിയോടെയാണ് ഭോസാലെയുടെ മൃതദേഹം കണ്ടെത്തിയതെന്ന് രാജ്ഗഡ് പോലീസ് സബ് ഇൻസ്പെക്ടർ സമീർ ഖദം പറഞ്ഞു.ഡ്രൈവിംഗ് ലൈസൻസിന്റെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിനടുത്ത് ഒരു സെൽഫോണും കണ്ടെത്തി. ബന്ധുക്കളെ കണ്ടെത്താന്‍ സെൽഫോൺ പരിശോധിക്കുന്നതിനിടയിൽ, ആ നമ്പരില്‍ വിളിച്ച ഒരു സ്ത്രീ അയാളുടെ ഭാര്യയാണെന്ന് തിരിച്ചറിയുകയും ചെയ്തതായി സമീർ പറഞ്ഞു.
നവംബർ 7 ന് രാത്രി ഭർത്താവ് മദ്യപിച്ച് വീട്ടിലെത്തിയതായി ശീതള്‍ പോലീസിനോട് പറഞ്ഞു. 10.30 ഓടെയാണ് താന്‍ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ പോയതെന്നും ഭർത്താവ് ഡ്രോയിംഗ് റൂമിൽ ഉറങ്ങുകയായായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ ഭര്‍ത്താവിനെ കാണാതായതായും യുവതി പറഞ്ഞതായി സമീര്‍ പറഞ്ഞു.
ശീതളിന്റെ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ‘ഞങ്ങൾ അവളുടെ സെൽഫോണിന്റെ കോൾ റെക്കോർഡ് പരിശോധിച്ചപ്പോൾ പുലർച്ചെ 12.30 വരെ അവൾ ഒരു നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. ഞങ്ങൾ അവളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവൾ യോഗേഷ ഖദത്തിന്റെ പേര് വെളിപ്പെടുത്തി. തന്റെ ഭർത്താവ് യോഗേഷിനൊപ്പം പോയിട്ടുണ്ടെന്നും ശീതൽ ഞങ്ങളോട് പറഞ്ഞു’- സമീര്‍ പറഞ്ഞു.
തുടര്‍ന്ന് പോലീസ് സംഘം യോഗേഷിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ഭോസാലെയുടെ കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന് യോഗേഷ് സമ്മതിച്ചു. ഭോസാലെയുടെ മൃതദേഹം വലിച്ചെറിയാൻ സഹായിച്ച കൂട്ടാളികളുടെ പേരും ഇയാള്‍ വെളിപ്പെടുത്തി.
രണ്ട് വർഷമായി യോഗേഷും ശീതലും തമ്മിൽ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉത്തര്‍പ്രദേശില്‍ പോസ്റ്റിംഗ് ലഭിച്ചതിനെത്തുടര്‍ന്ന് യുവതി ഒരു വര്‍ഷം അവിടെയായിരുന്നു. ഹതാനിയിലേക്ക് മടങ്ങിയ ശേഷം ശീതൽ വീണ്ടും യോഗേഷുമായി കൂടിക്കാഴ്ച തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
യോഗേഷുമായുള്ള ബന്ധമറിഞ്ഞ ജവാന്‍ ശീതളിനോട് ഇതേപറ്റി ചോദിക്കുകയും വാക്കുതർകര്‍ക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് കുടുംബത്തോടൊപ്പം മറ്റൊരിടത്തേയ്ക്ക് താമസം മാറാൻ തീരുമാനിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ഉള്ള സഞ്ജയുടെ തീരുമാനം ശീതളിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ഇയാളെ ഉന്മൂലനം ചെയ്യാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.
ഒരു കാർഷിക നിർമ്മാണ കമ്പനിയിൽ നിന്നാണ് യോഗേഷ് സയനൈഡ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ നാലുപേരെയും നവംബർ പത്തൊമ്പത് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സഞ്ജയ്ക്കും ശീതളിനും പത്ത് വയസുള്ള ഒരു മകനും എട്ടുവയസുകാരിയായ മകളും ഉണ്ട്.
Post Your Comments