ദുബായ് : യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്തയാഴ്ച ബുധൻ മുതൽ ശനി വരെ എല്ലാ മേഖലകളിലും കനത്തമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കൻ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴയ്ക്കും, തീരദേശ, പർവത മേഖലകളിൽ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിൽ 6 അടി ഉയരത്തിൽ വരെ തിരകൾ രൂപപ്പെടാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കടൽത്തീരത്തു നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കുകയും വാദികൾക്കു കുറുകെ കടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം യുഎഇയിലും ഒമാനിലുമുണ്ടായ പെരുമഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലാവുകയും, പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. വ്യാഴായ്ച്ച ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നുവെന്നാണ് റിപ്പോർട്ട്. വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും നേരിയ തോതിൽ മഴ പെയ്തു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ 9.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.
Also read : 2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി
അതേസമയം ഒമാനിലെ മലയോര മേഖലകളിൽ തണുപ്പു ശക്തമായി. അൽ ഹംറയിലെ ജബൽ ഷംസ്, ഇബ്രിയിലെ ജബൽ അൽ സറത് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
Post Your Comments