Latest NewsKeralaNews

അച്ഛനെ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ട കുടുംബം, അമ്മയും അപകടത്തില്‍; സംഗീതം കേട്ടു മാത്രം പഠിച്ച പുണ്യയുടെ കണ്ണു നനയിക്കുന്ന ജീവിതം

ജീവിതത്തിനേറ്റ മുറിവുണക്കാന്‍ സംഗീതത്തേക്കാള്‍ മികച്ചൊരു മരുന്നില്ല. എല്ലാ വ്യഥകളേയും ശുഭാപ്തിയിലെത്തിക്കാന്‍ അതിനു മാസ്മരിക കഴിവുണ്ട്. അപൂര്‍വ്വം ചിലര്‍ക്കെ അതു കണ്ടെത്താന്‍ കഴിയൂ. ഇവരില്‍ ഒരു പ്രതിഭയാണ് നഗാവഗത ഗായിക പുണ്യ പ്രദീപ്. മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന സംഗീത റിയാലിറ്റിഷോ ‘സിരഗമപ’യിലൂടെ രംഗത്തെത്തിയ പുണ്യ കൈപ്പേറിയ ജീവിതാനുഭവങ്ങളില്‍ നിന്ന് നല്ല ഭാവിയുടെ സ്വരവും താളവും കണ്ടെത്തിയ പ്രതിഭയാണ്. പുണ്യയുടെ ആ ജീവിതകഥ ആരുടേയും കരളലയിക്കും. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയായി മാറിയ സരിഗമപയിലെ മികച്ച ഗായകരുടെ നിരയില്‍ ഒരാളായ പുണ്യ കഴിഞ്ഞ ദിവസം തന്റെ സ്വരമാധുരിക്കു പിന്നിലെ ആ ജീവിതം പറഞ്ഞപ്പോള്‍ കണ്ണുനിറയാത്തവരായി ആരും ഉണ്ടായിരുന്നില്ല. പുണ്യയെ കുറിച്ച് വായിച്ചറിഞ്ഞ് പരിപാടിക്കെത്തിയ മലയാളികളുടെ പ്രിയ താരം ഭാവനയ്ക്കു മുമ്പിലാണ് ആ കഥ പറഞ്ഞത്.

സംഗീതം കേട്ടു മാത്രം അഭ്യസിച്ച പുണ്യ കഴിഞ്ഞ ദിവസം എ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ കടല്‍ എന്ന സിനിമയിലെ നെഞ്ചുക്കുള്ളെ… എന്ന ഗാനം അതിമനോഹരമായി പാടി എല്ലാവരേയും കയ്യിലെടുത്തു. ഇതിനു പിന്നാലെയാണ് സരിഗമപയിലെ തന്റെ കൂട്ടുകാര്‍ക്കോ ജഡ്ജസിനോ പിന്നണി പ്രവര്‍ത്തകര്‍ക്കോ അറിയാത്ത ആ കഥ പുണ്യ പറഞ്ഞത്.

അച്ഛന്‍ പ്രദീവ് 2002ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് പുണ്യയുടെ ജീവിതം മാറിമറിഞ്ഞത്. ഏക ആശ്രയമായിരുന്ന പിതാവിന്റെ വേര്‍പ്പാട് ആ കുടുംബത്തെ ഉലച്ചു കളഞ്ഞു. ജീവിതത്തില്‍ പിന്നീടങ്ങോട്ട് അപ്രതീക്ഷിത ആഘാതങ്ങളാണ് നേരിടേണ്ടി വന്നത്. അമ്മയ്ക്കും ചേച്ചിക്കുമൊപ്പം പുണ്യയ്ക്ക് അച്ഛന്റെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. പറക്കമുറ്റാത്ത മക്കളേയും കൊണ്ട് ആ അമ്മ സ്വന്തം വീട്ടില്‍ അഭയം തേടി. എന്നാല്‍ അവിടേയും അവഗണനയായിരുന്നു. ഒടുവില്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി. കയ്യിലുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റു സ്വരൂപിച്ച തുക കൊണ്ട് സ്വന്തമായി ഒരു ചെറുവീട് വാങ്ങി. അമ്മ ജോലിക്കു പോയിത്തുടങ്ങിയതോടെ ജീവിതം വീണ്ടും പച്ചപിടിച്ചു വരുന്നതിനിടെയാണ് മറ്റൊഘാതം പുണ്യയ്ക്കും ചേച്ചിക്കും നേരിടേണ്ടി വന്നത്. ദുരിതക്കയത്തിന്റെ മറുകരയിലെത്തും മുമ്പ് കുടുംബത്തിന്റെ താങ്ങായ അമ്മയ്ക്കുണ്ടായ ഒരു അപകടം പുണ്യയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ജീവിതം നല്‍കിയ അനുഭവത്തിന്റെ കരുത്തില്‍ ഒരു പുതിയ താളം കണ്ടെത്താന്‍ സംഗീതം പുണ്യയെ സഹായിച്ചു.

പുണ്യയുടെ സംഗീതം പഠിച്ച കഥയും കണ്ണുകള്‍ ഈറനണിയിക്കുന്നതാണ്. അടുത്ത വീട്ടിലെ ചേച്ചിയെ സംഗീതം പഠിപ്പിക്കാന്‍ വന്ന അധ്യാപകനെ കേട്ടാണ് അഞ്ചാം വയസ്സില്‍ പുണ്യയുടെ സംഗീത പാഠം ആരംഭിക്കുന്നത്. അത്രയ്ക്കു പ്രാണനായിരുന്നു അവള്‍ക്ക് സംഗീതം. എന്നാല്‍ അയല്‍പ്പക്കത്തെ ആ ചേച്ചി ഉന്നത പഠനത്തിനായി പുറത്തു പോയതോടെ പുണ്യയുടെ കേള്‍വിയിലൂടെ മാത്രമുള്ള ആ സംഗീത പഠനം നിലച്ചു. പാട്ടു കേള്‍ക്കാനും വീട്ടില്‍ സൗകര്യമുണ്ടായിരുന്നില്ല. പുണ്യയുടെ ഉള്ളിലെ സംഗീത പ്രതിഭയെ കണ്ട അമ്മയാണ് സ്വ്ര്‍ണ വളകള്‍ വിറ്റ് ഒരു സി ഡി പ്ലെയര്‍ വാങ്ങിക്കൊടുത്തത്. അതായി പിന്നീട് പുണ്യയുടെ സംഗീത ഗുരു.

വിങ്ങിപ്പൊട്ടിയാണ് ഈ കഥ പുണ്യ പറഞ്ഞത്. പുണ്യയുടെ പ്രകടനം കണ്ടു സ്റ്റേജിലെത്തിയ ഭാവനയ്ക്കും കണ്ണീര്‍ അടക്കാനായില്ല. പുണ്യയെ ചേര്‍ത്തു പിടിച്ചു. ഈ കഥകളൊന്നും ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ആരാലും അറിയാതെ തന്റെ വേദനകള്‍ ഉള്ളില്‍ ഒതുക്കി പാടി പുണ്യ ‘സരിഗമപ’ വേദിയില്‍ എല്ലാവരുടെയും പ്രിയ പാട്ടുകാരി ആയി മാറി. ചേച്ചിയുടെയും പുണ്യയുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ വീണ്ടും വിവാഹിതയാകുന്നത്. ഇപ്പോള്‍ അച്ഛനാണ് അവള്‍ക്ക്് എല്ലാം. പുണ്യയുടെ ജീവിതം കേട്ട് നടി ഭാവനയും, അവതാരകന്‍ ജീവയും അച്ഛനെ നഷ്ടമായ ശേഷമുള്ള സ്വന്തം ജീവിതം തുറന്നു പറഞ്ഞത് എല്ലാവരുടെയും കണ്ണുകള്‍ നനച്ചു.

https://www.facebook.com/watch/?v=588960895175661

shortlink

Related Articles

Post Your Comments

Related Articles


Back to top button