Latest NewsIndia

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ , ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതികൾ ഇങ്ങനെ

അതെ സമയം ജനുവരിയില്‍ മകരസംക്രാന്തിയ്ക്ക് അയോധ്യ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടക്കുമെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.

ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇതിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതെ സമയം ജനുവരിയില്‍ മകരസംക്രാന്തിയ്ക്ക് അയോധ്യ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടക്കുമെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.

അറ്റോര്‍ണി ജനറലിന്‍റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടിയതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്‍റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്. ക്ഷേത്രം നിര്‍മ്മിക്കാന്‍ കുറഞ്ഞത്‌ 5 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന. അതിമഹത്തായ കരകൗശല വിദ്യയില്‍ പണി പൂര്‍ത്തിയാകുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് 250 കരകൗശല വിദഗ്ദരുടെ കഠിന പ്രയത്‌നം അനിവാര്യമാണ്.

വരുന്ന മകരസംക്രാന്തി ദിവസം (2020 ജനുവരി 15ഓടെ) ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വി.എച്ച്‌.പി. നേതാവ് ശരത് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. സോമനാഥക്ഷേത്രത്തിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. സര്‍ക്കാരിനും സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടാവണം. വി.എച്ച്‌.പി. തയ്യാറാക്കിയ ശിലകള്‍ തന്നെ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ശരത് ശര്‍മ്മ പറഞ്ഞു.

മൂന്നുവര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ആദ്യനില പൂര്‍ത്തിയാക്കും. ശിലകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ 65 ശതമാനം ജോലികളും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ ജോലിക്കാരെ ആവശ്യമുണ്ടെങ്കില്‍ രാജസ്ഥാനില്‍നിന്നും ഗുജറാത്തില്‍നിന്നും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button