കൊച്ചി: റിയൽ എസ്റ്റേറ്റ് മേഖല സജീവമാകാൻ കേന്ദ്രം ഇളവുകളും, സഹായങ്ങളും പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്. 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേഗതി ചെയ്താണ് നവംബർ എട്ടിന് പുതിയ വിജ്ഞാപനം ഇറക്കിയത്. 8,000 മുതൽ 18,000 വരെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് പഴയ ചട്ടം അനുസരിച്ച് ആറു മീറ്ററിന്റെ റോഡ് മതിയായിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനം അനുസരിച്ച് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ടെങ്കിലേ 8,000 മുതൽ 24,000 വരെ ചതുരശ്ര മീറ്റർ നിർമാണം സാധ്യമാകൂ. അല്ലെങ്കിൽ 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും.
അതായത്, റോഡിന്റെ വീതി 6.9 മീറ്റർ ആണെങ്കിൽ പോലും 18,000 ചതുരശ്ര മീറ്ററിനു പകരം 8,000 ചതുരശ്ര മീറ്ററിനു താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. ഇതോടെ, ഭൂമിയുടെ ലഭ്യതയിൽ കുറവുണ്ടാകുകയും ഭൂമിവില ഉയരുകയും ചെയ്യും. ഫലത്തിൽ ഫ്ലാറ്റ് വാങ്ങാനിരിക്കുന്ന ഉപഭോക്താവിന് ഉയർന്ന വില നൽകേണ്ടി വരും. കേരളത്തിൽ മെയിൻ റോഡുകൾ അല്ലാത്ത നിരത്തുകളിൽ ബഹുഭൂരിഭാഗവും ഏഴു മീറ്ററിൽ താഴെയാണ്.
പഴയ നിയമപ്രകാരം നവംബർ എട്ടിനു മുമ്പ് അപേക്ഷിച്ച നൂറുകണക്കിന് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം ഇതോടെ അനിശ്ചിതത്വത്തിലാകും. അവർ പുതിയ പ്ലാൻ സമർപ്പിച്ച് വീണ്ടും അനുമതി തേടേണ്ട സ്ഥിതിയുണ്ടാകും. ഫലത്തിൽ ചെലവ് ഉയരുകയും ഒരു വർഷത്തെയെങ്കിലും കാലതാമസം ഉണ്ടാകുകയും ചെയ്യും. പുതിയ വിജ്ഞാപനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരളയുടെ മുൻ ചെയർമാൻ നജീബ് സക്കറിയയും പ്രതികരിച്ചു.
Post Your Comments