ദുബായ് : എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അടിയന്തരമായി താഴെ ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കിയത്. ദുബായില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനമാണ് ദുബായ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ വായു മര്‍ദ്ദം അളക്കുന്നതിനുള്ള സംവിധാനത്തില്‍ തകരാറ് സംഭവിച്ചതാണ് വിമാനം അടിയന്തരമായി താഴെ ഇറക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെ സാങ്കേതിക തകരാര്‍ ഗുരുതരമല്ലെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം താഴെ ഇറക്കിയത്. തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും രാത്രി പത്ത് മണിയോടെ വിമാനം ദുബായില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടുമെന്നും ധനഞ്ജയ് കുമാര്‍ അറിയിച്ചു. 244 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം വൈകിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ എയര്‍ ഇന്ത്യ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെടേണ്ട വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകിയാണ് പുറപ്പെട്ടത്. എന്നാല്‍ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കുകയായിരുന്നു.
Post Your Comments