യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎം വയനാട് ജില്ല സെക്രട്ടറിയ്ക്ക് പങ്കെന്ന് പരാതി.ജില്ലാ സെക്രട്ടറി പി.പി ഗഗാറിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കി. എസ്.പിക്ക് ആണ് പരാതി നല്‍കിയത്.കഴിഞ്ഞ 21നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വൈത്തിരി സ്വദേശിയുടെ ഭര്‍ത്താവാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. എന്നാൽ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് വൈത്തിരി പൂക്കോട്ടുള്ള വാടകവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ ഇത് കൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയില്‍ പറയുന്നുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി തന്റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.ഇവര്‍ ഒരുമിച്ച് തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍പോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാര്‍ഡ് ഗഗാറിന്‍ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്.
മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും യുവതിയുടെ ഭര്‍ത്താവിന്റെ മൊഴി എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഒപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇയാള്‍ക്ക് നല്‍കിയിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ എസ് പി തലത്തില്‍ മൊഴിയെടുത്തതായി പൊലീസ് പറഞ്ഞു.
Post Your Comments