മസ്കത്ത്: ന്യൂനമര്‍ദ്ദം ശക്തമാകുന്നതിനാൽ ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത. ഇത് സംബന്ധിച്ച വിവരങ്ങൾ സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി പുറത്തു വിട്ടു. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാനാണ് സാധ്യത. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ജാഗ്രതാ പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ വാദികൾ മുറിച്ചുകടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന,ദാഹിറ,ദാഖിലിയ,മസ്കത്ത്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്.
Post Your Comments