Kerala

വികലാംഗക്ഷേമ കോർപ്പറേഷന്റേത് സ്തുത്യർഹമായ നേട്ടമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൈവരിച്ചത് സ്തുത്യർഹമായ നേട്ടമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. അയ്യൻകാളി ഹാളിൽ വികലാംഗ ക്ഷേമ കോർപ്പറേഷന്റെ 40-ാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ മികച്ച കോർപ്പറേഷനെന്ന ബഹുമതി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ നേടാനായതും ഈ പ്രവർത്തന മികവിനാലാണ്. കോർപ്പറേഷൻ നടപ്പാക്കുന്ന അനുയാത്ര, ശുഭയാത്ര എന്നീ പദ്ധതികൾ വൻവിജയമാണ്. ഇന്ന് സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ഭിന്നശേഷി പരിശോധിച്ച് ചികിത്സ വേണ്ടത് ലഭ്യമാക്കുന്നു. കാഴ്ചയില്ലാത്തവർക്കായ പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി വരുന്നു. ഭിന്നശേഷിക്കാർക്ക് ആവശ്യമായ കൃത്രിമ അവയവങ്ങൾ അളവെടുത്ത് ഓർഡർ ചെയ്യാവുന്നതുമായ അത്യാധുനിക ഷോറൂം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വികലാംഗ ക്ഷേമ കോർപ്പറേഷൻ വലിയ പിന്തുണയാണ് നൽകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭിന്നശേഷി ഒന്നിനും തടസ്സമല്ല. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഈ സർക്കാർ ചെയ്തുവരുന്നതെന്നും മന്ത്രി പറഞ്ഞു. വാർഷികാഘോഷത്തോടനുബന്ധിച്ച് ശുഭയാത്ര പദ്ധതിയിലെ ട്രൈസ്‌കൂട്ടർ വിതരണോദ്ഘാടനം മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കുട്ടികൾക്കുള്ള ശ്രവണസഹായിയുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ 20,000 രൂപ സ്ഥിരനിക്ഷേപം നടത്തുന്ന ഹസ്തദാനം സ്ഥിരനിക്ഷേപ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കോർപ്പറേഷൻ പദ്ധതികളുടെ ലഘുലേഖ പ്ലാനിംഗ് ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button