തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച അരി കാലിത്തീറ്റ നിര്‍മ്മാണത്തിനായി മില്‍മ വാങ്ങിയത് ഇരട്ടി വിലയ്ക്ക്. കഴിഞ്ഞ നവംബറില്‍ കിലോഗ്രാമിനു 5.23 രൂപ നിരക്കില്‍ വിറ്റ അരിയുടെ ബാക്കിയാണ് 11.25 രൂപ നിരക്കില്‍ മില്‍മ വാങ്ങിയിരിക്കുന്നത്. കേടായ അരി 1 വര്‍ഷത്തിന് ശേഷമാണ് ഇരട്ടി വിലകൊടുത്ത് മില്‍മ വാങ്ങിയത്. ഇതോടെ 2018ലെ പ്രളയത്തില്‍ നശിച്ച അരി ടെന്‍ഡര്‍ ക്രമക്കേടിലൂടെ സപ്ലൈകോ കുറഞ്ഞ നിരക്കില്‍ സ്വകാര്യ ഏജന്‍സിക്കു വിറ്റെന്ന ആരോപണവും ശക്തമായി.
സപ്ലൈകോയുടെ ചങ്ങനാശേരി ഡിപ്പോയുടെ കീഴിലെ മനക്കച്ചിറ, വണ്ടിപ്പേട്ട എന്നീ ഗോഡണുകളിലായാണു കേടായ 130 ടണ്‍ അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്. ഈ അരി ടെന്‍ഡറില്‍ വില്‍ക്കണമെന്നും അല്ലാത്ത പക്ഷം കുഴിച്ചു മൂടണമെന്നും വിജലന്‍സ് ഓഫീസര്‍ കത്തു നല്‍കിയിരുന്നു. എന്നാല്‍ ലേലത്തിലെ സങ്കീര്‍ണത ഒഴിവാക്കി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്കു നല്‍കാമെന്നു റീജനല്‍ മാനേജര്‍ അറിയിച്ചു. ഇതിന് സപ്ലൈകോ എംഡി അനുമതിയും നല്‍കി. ഇതേതുടര്‍ന്ന് കാലിത്തീറ്റ ഉല്‍പാദിപിക്കുന്ന മില്‍മയ്ക്കും കേരള ഫീഡ്‌സിനും കത്തു നല്‍കി. എന്നാല്‍ മില്‍മ കൂടിയ നിരക്ക് നല്‍കാന്‍ തയ്യാറായതോടെ അരിയും ഗോതമ്പും വില്‍ക്കുകയായിരുന്നു.
27 അരി മില്ലുകളില്‍ സൂക്ഷിച്ച 50,000 ടണ്‍ അരിയാണു 2018 നവംബറില്‍ സപ്ലൈകോ ലേലത്തില്‍ വിറ്റത്. 5.23 രൂപയായിരുന്നു ശരാശരി വില. എന്നാല്‍ അതിലും ഉയര്‍ന്ന നിരക്കു രേഖപ്പെടുത്തിയ എറണാകുളത്തെ അഞ്ജന ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തെ ടെന്‍ഡറില്‍ നിന്നും ഒഴിവാക്കിയെന്നും ഇതുമൂലം സര്‍ക്കാരിനു 180 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ഉടമ സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ അരി കുറഞ്ഞ വിലയ്ക്കു തന്നെ സപ്ലൈകോ വിറ്റു. ഈ അരി കരാര്‍ കിട്ടിയ മില്ലുടമ ഉയര്‍ന്ന വിലയ്ക്കു കഴിഞ്ഞ ജനുവരിയില്‍ അരി മറിച്ചു വിറ്റു. ഇത്തരത്തില്‍ മറിച്ച് വിറ്റ അരി തമിഴ്‌നാട്ടിലെ മില്ലുകളിലേക്ക് കടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു.
ALSO READ: സപ്ലൈകോ നടത്തിയത് വന്‍ ക്രമക്കേട്; വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്
അതേസമയം, സപ്ലൈകോ സംഭരിച്ചു നല്‍കിയ നെല്ലിനു പകരം ഡിപ്പോകളില്‍ വീണ്ടും എത്തുന്നതു ചീഞ്ഞ അരിയാണെന്ന പരാതിയും വ്യാപകമായി. ഈ മാസം വിതരണം ചെയ്യാന്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പല ഡിപ്പോകളിലും എത്തിയതു ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ചീഞ്ഞ അരിയാണ്. കഴിഞ്ഞ മാസം ആദ്യവും ഇത്തരത്തില്‍ പുഴു അരിച്ച അരി മില്ലുകളില്‍ നിന്നെത്തിയിരുന്നു. പ്രളയത്തില്‍ നശിച്ച അരി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പോളിഷ് ചെയ്തു നിലവാരമില്ലാത്ത അരിയുമായി കലര്‍ത്തിയാണു പല മില്ലുകാരും നെല്ലിനു പകരം നല്‍കുന്നത്. മിക്ക മില്ലുകളില്‍ നിന്നും കിട്ടുന്ന അരി വിതരണയോഗ്യമല്ലെന്ന് സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.
Post Your Comments