വളരെ പ്രശസ്തമാണ് ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം. കൊണാർക്ക് ക്ഷേത്രത്തിന്റെ അത്രയും പ്രശസ്തിയില്ലെങ്കിലും കേരളത്തിലും ഒരു സൂര്യക്ഷേത്രമുണ്ട്. കോട്ടയം ജില്ലയിലെ ആദിത്യപുരം സൂര്യക്ഷേത്രമാണ് കേരളത്തിലുള്ള സൂര്യ ക്ഷേത്രം. കേരളത്തിലെ ഏക സൂര്യ ക്ഷേത്രമാണ് ആദിത്യപുരത്തെ സൂര്യ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് സമീപത്തുള്ള ഇരവിമംഗലത്താണ് ആദിത്യപുരം സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ത്രേതായുഗം മുതൽക്കേ ഇവിടെ സൂര്യ ദേവന്റെ പ്രതിഷ്ഠ ഉള്ളതായി ഐതിഹ്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ക്ഷേത്രത്തിന്റെ പഴക്കം തെളിയിക്കുന്ന തെളിവുകളൊന്നുമില്ല. കാപ്പിക്കാട് മരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി കഠിന തപസിലൂടെ സൂര്യ ദേവനെ പ്രദാസിപ്പിച്ചുവെന്നും. സൂര്യൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടുവെന്നും സൂര്യ ദേവന്റെ കൽപ്പന അനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതും നിത്യ പൂജ നടത്താൻ ആരംഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.
വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ധ്യാനത്തിൽ ഇരിക്കുന്ന സൂര്യ ദേവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എണ്ണ വലിച്ചെടുക്കുന്ന പ്രത്യേക തരം ശിലയിലാണ് ഇവിടുത്തെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നവഗ്രഹ പ്രതിഷ്ഠകൾ ഇല്ലെന്ന കാര്യം എടുത്ത് പറയേണ്ട കാര്യമാണ്.
അട നിവേദ്യം, രക്ത ചന്ദന സമർപ്പണം എന്നിവയാണ് ഇവിടുത്തെ പ്രധാന നിവേദ്യങ്ങൾ. രോഗശാന്തിക്ക് വേണ്ടിയാണ് ആളുകൾ ഇവ നിവേദിക്കുന്നത്. ഇരവിപുരത്ത് നിന്ന് വൈക്കത്തേക്കുള്ള റോഡിൽ നിന്ന് 200 മീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം. വൈക്കം(17 കി മീ), ഏറ്റുമാനൂർ (16 കി.മീ) എന്നിവിടങ്ങളിൽ നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം
Post Your Comments