അത്താഴം ഉപേക്ഷിച്ച് പഴങ്ങള്‍ കഴിയ്ക്കുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പറയേണ്ടതുമില്ല. രാത്രി പഴങ്ങള്‍ മാത്രം കഴിക്കുന്നവരുമുണ്ട്. പോഷക സമ്പുഷ്ടവും ആരോഗ്യദായകവുമാണ് പഴങ്ങള്‍. എന്നാല്‍ രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണോ?
പ്രധാന ഭക്ഷണം കഴിച്ച് ഇടവേളയ്ക്കു ശേഷമേ പഴം കഴിക്കാവൂ എന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. ഉറങ്ങാന്‍ കിടക്കുന്നതിനു മൂന്നോ നാലോ മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണമെന്നാണ് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നത്. പഴങ്ങളും ഭക്ഷണവും ഒരുമിച്ചു കഴിച്ചാല്‍ ശരീരം ആദ്യം ദഹിപ്പിക്കുന്നത് പഴങ്ങളെ ആയിരിക്കും. പിന്നീടേ ഭക്ഷണം ദഹിക്കൂ. ഇത് ദഹനക്കേടിനു കാരണമാകും. ഭക്ഷണത്തിലെ എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാന്‍ ശരീരത്തിനു സാധിക്കുകയുമില്ല.
കിടക്കുന്നതിനു തൊട്ടുമുന്‍പ് പഴങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ നേരെ വിപരീതഫലമാകും ലഭിക്കുക. പഴങ്ങള്‍ ശരീരത്തില്‍ പഞ്ചസാര റിലീസ് ചെയ്യുകയും ഇത് ഊര്‍ജം കുത്തനെ കൂട്ടുകയും ചെയ്യും. ഉറങ്ങാന്‍ ഇത് പ്രയാസമുണ്ടാക്കും.
രാത്രി പഴങ്ങള്‍ കഴിക്കേണ്ട എന്നല്ല ഇതിനര്‍ഥം. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പു പഴങ്ങള്‍ കഴിക്കാം.
എന്തു പഴമാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്. ഒരു പ്ലേറ്റ് നിറയെ പഴങ്ങള്‍ കഴിക്കരുത്. പഞ്ചസാര കുറവുള്ളതും നാരുകള്‍ കൂടുതല്‍ ഉള്ളതുമായ പഴങ്ങള്‍ കഴിക്കണം. തണ്ണിമത്തന്‍, പെയര്‍, കിവി പഴങ്ങളും നല്ലതാണ്. നല്ലത് അത്താഴത്തിനു വളരെ മുന്‍പേ പഴങ്ങള്‍ കഴിക്കുന്നതാണ്. അതാകുമ്പോള്‍ പഴങ്ങള്‍ പൂര്‍ണമായും ദഹിക്കാന്‍ സഹായിക്കും.
Post Your Comments