Latest NewsKeralaNews

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ? കൊല്ലപ്പെട്ടത് രമയോ ശ്രീമതിയോ എന്നുറപ്പിയ്്ക്കാനാകാതെ പൊലീസ്

പാലക്കാട്: പാലക്കാട് അട്ടപ്പാടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും മരിച്ചതാര് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മണിവാസകമാണെന്നു മാത്രമാണ് പോലീസിന് പൂര്‍ണമായും ഉറപ്പുള്ളത്. മറ്റു രണ്ടുപേര്‍ കാര്‍ത്തിയും അരവിന്ദുമാണെന്ന് ഏറക്കുറെ ഉറപ്പിക്കുന്നു. എന്നാല്‍, യുവതിയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

read also : മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: സുഖമില്ലാതെ കിടന്നവരെ പോലീസ് വെടിവെച്ചിട്ടോ? മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി

കര്‍ണാടക സ്വദേശി ശ്രീമതിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. രണ്ട് വയസ്സിനടുത്തുള്ള കുഞ്ഞിനെ രണ്ടുമാസം മുമ്പ് കാട്ടില്‍ സംഘത്തോടൊപ്പം ചിലര്‍ കണ്ടിട്ടുണ്ട്. ശ്രീമതിക്കാണ് കുഞ്ഞുള്ളതെന്നാണ് പൊലീസിനുള്ള വിവരം. ശ്രീമതിയുടെ സ്വദേശമായ കര്‍ണാടക ചിക്കമഗളുരുവില്‍ നിന്നെത്തിയ പൊലീസ് മൃതദേഹം അവരുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. ശ്രീമതിയാണ് കൊല്ലപ്പെട്ടതെങ്കില്‍ കുഞ്ഞ് എവിടെയെന്നതാണ് കുഴക്കുന്ന ചോദ്യം.

ഒരു കാല് മന്ത് എന്നപോലെ തടിച്ച യുവതിയാണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി രമയാണെന്ന സംശയമുയര്‍ന്നു. രമയ്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്നതാണ് സംശയത്തിനു കാരണം. രമയാണ് എന്ന നിഗമനത്തിലാണ് തമിഴ്നാട് ക്യു ബ്രാഞ്ചും പ്രത്യേക കര്‍മസേനയും. എന്നാല്‍, ഫോട്ടോയും മൃതദേഹവും ഒത്തുനോക്കി രമയാണെന്ന് ഉറപ്പിക്കാനായിട്ടില്ല. ബന്ധുക്കള്‍ രമയെ കണ്ടിട്ട് പത്തോ പന്ത്രണ്ടോ വര്‍ഷത്തിലധികമായി. അവര്‍ക്കും ഉറപ്പില്ല. ഉഡുപ്പി സ്വദേശിയായ ആദിവാസി യുവതി ശോഭയാണിതെന്ന സംശയവും നിലനില്‍ക്കുന്നു. ബന്ധു ഞായറാഴ്ചയെത്തിയെങ്കിലും തിരിച്ചറിഞ്ഞതായി പറഞ്ഞിട്ടില്ല.

പല്ല്, താടിയെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് മൂന്ന് യുവതികള്‍ക്കും സാമ്യം ഉണ്ട്. അതാണ് കുഴക്കുന്നത്. ഡി.എന്‍.എ. ടെസ്റ്റിലൂടെ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ പൊലീസ്. അതേസമയം, പൊലീസിന്റെ സംശയപട്ടികയ്ക്കുപുറത്തുള്ള ആളാണെങ്കില്‍ തിരിച്ചറിയല്‍ എളുപ്പമല്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ എന്നനിലയിലാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button